സച്ചിന്‍- കോലി ഗോട്ട് ചര്‍ച്ചയില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് പേസ് ഇതിഹാസം കട്‌ലി ആംബ്രോസ്

ട്രിനിഡാഡ്: ക്രിക്കറ്റില്‍ കുറച്ച് വര്‍ഷങ്ങളായുള്ള ചര്‍ച്ചയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറോ വിരാട് കോലിയെ മികച്ച ബാറ്റര്‍ എന്നത്. കളിച്ച എല്ലാ ഫോര്‍മാറ്റിലും സ്ഥിരതയോടെ റണ്‍സ് കണ്ടെത്തിയതാണ് ഇരുവരുടേയും സവിശേഷത. സച്ചിന്‍റെ പല റെക്കോര്‍ഡുകളും കോലി ഭേദിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കാലങ്ങളായി ക്രിക്കറ്റ് ചര്‍ച്ചകളില്‍ സജീവമായ സച്ചിന്‍- കോലി ഗോട്ട് ചര്‍ച്ചയില്‍ തന്‍റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് പേസ് ഇതിഹാസം കട്‌ലി ആംബ്രോസ്. 

ഞാന്‍ രണ്ട് താരങ്ങളെയും താരതമ്യം ചെയ്യാനില്ല. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മഹാനായ താരമാണ്. ക്രിക്കറ്റിലെ എല്ലാ നേട്ടങ്ങളും തന്നെ സ്വന്തമാക്കി. സച്ചിന്‍റെ ക്രിക്കറ്റ് പാണ്ഡിത്യത്തെയും അദേഹം കളിച്ച രീതിയേയും നമുക്ക് മറക്കാനാവില്ല. താരതമ്യങ്ങള്‍ ചെയ്യാനിഷ്‌ടപ്പെടുന്ന ആളല്ല ഞാന്‍. വലിയ താരങ്ങളാകുമ്പോള്‍ തീര്‍ച്ചയായും ഫോമില്ലായ്‌മയുടെ കാലമുണ്ടാകും. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളില്‍ വിരാട് കോലി ഇന്ത്യക്ക് പുറത്ത് സെഞ്ചുറി നേടിയിരുന്നില്ല. ഇതോടെ കോലിയുടെ കാലം കഴിഞ്ഞു എന്ന് പലരും വിധിയെഴുതി. ഇത് അനീതിയാണ്. എല്ലാ താരങ്ങളും ഫോമില്ലായ്‌മയിലൂടെ കടന്നുപോകും. വിരാട് ക്വാളിറ്റി താരമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറി നേടിയതില്‍ സന്തോഷമുണ്ട്. നിര്‍ഭാഗ്യവശാല്‍ സെഞ്ചുറി വിന്‍ഡീസിന് എതിരെയായി. എങ്കിലും അത് കോലിയുടെ ആത്മവിശ്വാസം കൂട്ടും. തന്‍റെ കാലം കഴിഞ്ഞു എന്ന് വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാന്‍ അതുമതി. ഇന്ത്യന്‍ ക്രിക്കറ്റിനും ലോക ക്രിക്കറ്റിനും ഇനിയുമേറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന താരമാണ് കോലി എന്നും കട്‌ലി ആംബ്രോസ് പറഞ്ഞു. 

രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സും സെഞ്ചുറിയുമുള്ള താരമാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 200 ടെസ്റ്റില്‍ 51 സെഞ്ചുറികളോടെ 15921 റണ്‍സും 463 ഏകദിനങ്ങളില്‍ 49 ശതകങ്ങളോടെ 18426 റണ്‍സുമാണ് സച്ചിന്‍റെ സമ്പാദ്യം. അതേസമയം ഇതിനകം 76 രാജ്യാന്തര സെഞ്ചുറികളുള്ള വിരാട് കോലി 111 ടെസ്റ്റുകളില്‍ 29 ശതകങ്ങളോടെ 8676 ഉം 274 ഏകദിനത്തില്‍ 46 സെഞ്ചുറികളോടെ 12898 റണ്‍സും പേരിലാക്കി. ഇതിന് പുറമെ 115 രാജ്യാന്തര ടി20കളില്‍ ഒരു സെഞ്ചുറി സഹിതം 4008 റണ്‍സും കിംഗിനുണ്ട്. 

Read more: മോശം പെരുമാറ്റം; ഹര്‍മന്‍പ്രീത് കൗറിനെ കടന്നാക്രമിച്ച് ഷാഹിദ് അഫ്രീദി, ഇത്ര അഗ്രഷന്‍ വേണ്ടെന്ന് ഉപദേശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം