സിംബാബ്വെക്കെതിരായ ടി20 പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശി ഇന്ത്യക്ക് വിജയം സമ്മാനിച്ചു. മത്സരത്തിലെയും പരമ്പരയിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ട ഈ താരം, പുരുഷ ടി20 ക്രിക്കറ്റില്‍ അര്‍ദ്ധശതകം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

ഹരാരെ: സിംബാബ്വെക്കെതിരായ മൂന്നാം ടി20 മത്സരത്തിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത പതിനഞ്ചുകാരന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശി ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചിരുന്നു. ഈ പ്രകടനത്തോടെ മത്സരത്തിലെയും പരമ്പരയിലെയും താരത്തിനുള്ള പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ താരം, സിംബാബ്വെ പര്യടനം ഇന്ത്യക്കായി വിജയകരമായി പൂര്‍ത്തിയാക്കി. പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരി. മൂന്നാം മത്സരത്തില്‍ വെറും 49 പന്തുകളില്‍ നിന്ന് 8 ഫോറുകളും 4 സിക്‌സറുകളും അടക്കം 81 റണ്‍സാണ് ഈ ഇടംകൈയന്‍ ബാറ്റര്‍ അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര ടി20 കരിയറിലെ അദ്ദേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്.

സിംബാബ്വെയ്‌ക്കെതിരായ രണ്ടാം മത്സരത്തില്‍ വെറും 19 പന്തുകളില്‍ നിന്ന് അര്‍ദ്ധശതകം നേടിയ വൈഭവ്, പുരുഷ ടി20 ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരുന്നു. പുരുഷ ടി20 ചരിത്രത്തില്‍ 16 വയസ് തികയുന്നതിന് മുമ്പ് ഒന്നിലധികം അര്‍ദ്ധശതകങ്ങള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഈ പതിനഞ്ചുകാരന്‍ സ്വന്തം പേരിലാക്കി. മൂന്ന് മത്സരങ്ങളില്‍ നിന്നായി 50.33 ശരാശരിയിലും 196.10 സ്‌ട്രൈക്ക് റേറ്റിലും 151 റണ്‍സാണ് താരം നേടിയത്.

ഇംഗ്ലണ്ട് പര്യടനത്തില്‍ കാര്യമായ തിളങ്ങാനാവാതെ വരികയും 14 ശരാശരിയില്‍ 42 റണ്‍സ് മാത്രം നേടുകയും ചെയ്ത വൈഭവിന് ഈ പരമ്പര മികച്ചൊരു തിരിച്ചുവരവായി മാറി. ഇംഗ്ലണ്ടിലെ നിരാശയ്ക്ക് ശേഷമാണ് താരം സിംബാബ്വെയില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഹരാരെയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പിലും താരം തിളങ്ങിയിരുന്നു. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 175 റണ്‍സ് അടിച്ചുകൂട്ടി ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച വൈഭവ്, ടൂര്‍ണമെന്റിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഹരാരെയിലെ ഈ മുന്‍പരിചയവും ആത്മവിശ്വാസവുമാണ് സീനിയര്‍ ടീമിനായും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്.

മത്സരശേഷം സംസാരിച്ച വൈഭവ് സൂര്യവംശി തന്റെ സന്തോഷം പങ്കുവെച്ചു.. ''ഇതൊരു സ്വപ്നതുല്യമായ നിമിഷമാണ്. എന്റെ ആദ്യ മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരങ്ങള്‍ ലഭിച്ചതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. മൂന്ന് മത്സരങ്ങളിലും ടീമിന് നല്ലൊരു തുടക്കം നല്‍കാനാണ് ഞാന്‍ ശ്രമിച്ചത്. തുടക്കം ലഭിച്ചാല്‍ അത് വലിയ ഇന്നിങ്‌സ് ആക്കി മാറ്റാനായിരുന്നു എന്റെ ലക്ഷ്യം.'' വൈഭവ് വ്യക്തമാക്കി. ക്യാപ്റ്റന്റെയും കോച്ചുകളുടെയും മറ്റ് ടീം അംഗങ്ങളുടെയും പൂര്‍ണ്ണ പിന്തുണ തനിക്ക് ലഭിച്ചതായും ഹരാരെയില്‍ കളിക്കാന്‍ തനിക്ക് പ്രത്യേക താല്‍പ്പര്യമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

YouTube video player