154-9 എന്ന നിലയിൽ തകർന്ന പാകിസ്ഥാനെ എട്ടാമനായി ഇറങ്ങി അപരാജിത സെഞ്ചുറി നേടിയ ഷദാബ് ഖാനാണ് പാകിസ്ഥാനെ അവിശ്വസനീയ ജയത്തിലെത്തിച്ചത്.
ലാഹോർ: ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ആവേശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാൻ ഒരു വിക്കറ്റിന്‍റെ നാടകീയ ജയം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ടാമനായി ക്രീസിലിറങ്ങി അപരാജിത സെഞ്ചുറി നേടിയ ഷദാബ് ഖാന്‍റെ(113*) ബാറ്റിംഗ് കരുത്തിലാണ് പാകിസ്ഥാന്‍ ജയം പിടിച്ചെടുത്തത്. 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ ഒരു ഘട്ടത്തില്‍ 154-9ലേക്ക് വീണ് തോല്‍വി ഉറപ്പിച്ചിടത്തു നിന്നാണ് അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ ഹാരിസ് റൗഫിനൊപ്പം 80 പന്തില്‍ 89 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഷദാബ് പാകിസ്ഥാനെ അവിശ്വസനീയ ജയത്തിലേക്ക് കൈപ്പിടിച്ചുയര്‍ത്തിയത്.
19 പന്തില്‍ 9 റണ്‍സുമായി ഹാരിസ് റൗഫ് പാക് ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഷഷദാബ് 97-ൽ നിൽക്കെ ഗസ് ആറ്റ്കിൻസൺ എറിഞ്ഞ തകർപ്പൻ യോർക്കറില്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ഷദാബിനെ എൽബിഡബ്ല്യു വിളിച്ച് ഔട്ടാക്കിയതോടെ തോൽവി സമ്മതിച്ച് കളിക്കാർ പരസ്പരം കൈകൊടുക്കാൻ ഒരുങ്ങി. ഇംഗ്ലണ്ട് ഡഗ് ഔട്ടില്‍ നിന്ന് താരങ്ങള്‍ വിജയം ആഘോഷിക്കാൻ ഗ്രൗണ്ടിലേക്ക് ഇറങ്ങി. എന്നാൽ അമ്പയർമാർ കളിക്കാരോട് അൽപ്പം കൂടി കാത്തിരിക്കാൻ ആവശ്യപ്പെട്ടു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
പാകിസ്ഥാന് ജയിക്കാൻ 35 പന്തിൽ 21 റൺസ് വേണമായിരുന്നു അപ്പോള്‍. എന്നാല്‍ അവസാന നിമിഷം ഷദാബ് റിവ്യു എടുത്തു. ഡിആർഎസിൽ ഷദാബിന്‍റെ ബാറ്റിൽ കൊണ്ടശേഷം പാഡില്‍ തട്ടിയ പന്തിലാണ് അമ്പയര്‍ എല്‍ബിഡബ്ല്യു വിധിച്ചതെന്ന് വ്യക്തമായതോടെ ഓണ്‍ ഫീൽഡ് അമ്പയറുടെ തീരുമാനം ടിവി അമ്പയര്‍ തിരുത്തി.ഇതോടെ വിജയാഘോഷത്തിനായി കളത്തിലിറങ്ങിയ ഇംഗ്ലീഷ് താരങ്ങൾ തിരികെ ഡഗ് ഔട്ടിലേക്ക് മടങ്ങി. ജീവന് തിരിച്ചുകിട്ടിയ ഷാദാബ് ഖാൻ പിന്നീട് ആറ്റ്കിൻസണെതിരെ രണ്ട് ഫോറുകളും ഒരു സിക്സറും പറത്തി ടീമിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ചു. ഒടുവിൽ ഹാരിസ് റൗഫ് ഫോറടിച്ച് പാകിസ്ഥാന് ചരിത്രവിജയം സമ്മാനിച്ചു.





