പരിക്കേറ്റ ഇഷാൻ കിഷൻ ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലും കളിക്കില്ലെന്ന് ബൗളിംഗ് കോച്ച് മോർണി മോർക്കൽ വ്യക്തമാക്കി. ഇതോടെ യുവതാരം വൈഭവ് സൂര്യവംശിക്ക് വീണ്ടും അവസരം ലഭിച്ചേക്കും.
വെല്ലിംഗ്ടൺ: ന്യൂസിലൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിലും ഇടങ്കയ്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ കളിക്കില്ല. പരമ്പരയിലെ ആദ്യ മത്സരത്തിനിടെ വലത് തുടയിലെ പേശികൾക്ക് പരിക്കേറ്റ ഇഷാൻ കിഷന് രണ്ടാം മത്സരത്തില്‍ കളിച്ചിരുന്നില്ല. പരിക്ക് ഭേദമായെങ്കിലും മുൻകരുതലെന്ന നിലയിലാണ് ഇഷാന് കിഷന് മൂന്നാം മത്സരത്തില്‍ വിശ്രമം അനുവദിച്ചിരിക്കുന്നതെന്ന് മത്സരത്തലേന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കൽ വ്യക്തമാക്കി.
ഇഷാൻ കിഷൻ മൂന്നാം മത്സരത്തിൽ ലഭ്യമാകില്ല. ഇഷാന് പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. എങ്കിലും മുൻകരുതൽ എന്ന നിലയിലാണ് മൂന്നാം മത്സരത്തിൽ നിന്ന് മാറ്റിനിർത്തുന്നത്- മോർക്കൽ പറഞ്ഞു. ഹാഗ്ലി ഓവലിൽ നടന്ന ആദ്യ മത്സരത്തിൽ 226 റൺസ് എന്ന റെക്കോർഡ് ലക്ഷ്യം ഇന്ത്യ മറികടന്നപ്പോൾ ഇഷാൻ പ്ലേയിംഗ് ഇലവനിലുണ്ടായിരുന്നു. എന്നാൽ രണ്ടാം മത്സരത്തിന് മുമ്പ് പരിക്കേറ്റ് പുറത്തായതോടെ ഇഷാന് പകരക്കാരനായി ഏകദിന ടീമിലുള്ള കുമാർ കുശാഗ്രയെ ടീമിൽ ഉൾപ്പെടുത്തുകയും 15-കാരനായ വൈഭവ് സൂര്യവംശിക്ക് പ്ലേയിംഗ് ഇലവനിൽ അവസരം നൽകുകയും ചെയ്തിരുന്നു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
മൂന്നാം മത്സരത്തിലും ഇഷാന് കളിക്കില്ലെന്ന് വ്യക്തമായതോടെ വൈഭവ് സൂര്യവംശിക്ക് വീണ്ടും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. രണ്ടാം ടി20യിൽ മൂന്നാം നമ്പറിലിറങ്ങിയ വൈഭവ് സൂര്യവംശിക്ക് 8 പന്തിൽ 4 റൺസ് മാത്രമാണ് നേടാനായത്. ഈ സാഹചര്യത്തില്‍ വെല്ലിംഗ്ടണിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ വൈഭവിന് അഭിഷേകിനൊപ്പം ഓപ്പണര്‍ സ്ഥാനത്ത് കളിക്കാന്‍ അവസരം നല്‍കുമെന്നാണ് കരുതുന്നത്. വൈഭവും അഭിഷേകും ഓപ്പണര്‍മാരായാൽ മലയാളി താരം സഞ്ജു സാംസണ് മൂന്നാം നമ്പറിലേക്ക് മാറേണ്ടിവരും. ആദ്യ മത്സരത്തില്‍ വൈഭവിനെ പരിചിതമല്ലാത്ത മൂന്നാം നമ്പറില്‍ കളിപ്പിച്ചതിനെതിരെ മുന്‍ താരങ്ങളടക്കം വിമര്‍ശിച്ചിരുന്നു. വൈഭവിന് പകരം സഞ്ജുവിനെ മൂന്നാം നമ്പറില്‍ കളിപ്പിക്കണമായിരുന്നുവെന്ന് മുന്‍താരം അശ്വിനും മുരളി കാര്‍ത്തിക്കും അഭിപ്രായപ്പെട്ടിരുന്നു.





