ഹാർദിക്കിന്‍റെ അപ്രതീക്ഷിത മാറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണം മത്സരശേഷം വെളിപ്പെടുത്തിയിരിക്കുകയാണ് സഹതാരം റയാൻ റിക്കിൽട്ടൺ.

മുംബൈ: ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ വിട്ടുനിന്നതിന് പിന്നാലെ ഉയര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി ഓപ്പണര്‍ റിയാന്‍ റിക്കിള്‍ടൺ. ഇന്നലെ ഹാര്‍ദിക്കിന് പകരം ടോസ് ഇടാൻ സൂര്യകുമാർ യാദവ് എത്തിയതോടെയാണ് പാണ്ഡ്യ ലക്നൗവിനെതിരെ കളിക്കുന്നില്ലെന്നകാര്യം ആരാധകര്‍ തിരിച്ചറിഞ്ഞത്. ഇതോടെ തുടര്‍ തോല്‍വികളില്‍ വലയുന്ന മുംബൈ ഇന്ത്യൻസ് വിവരം ക്യാപ്റ്റനെ പുറത്താക്കിയോ എന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി. ടോസ് സമയത്ത് പാണ്ഡ്യക്ക് 'സുഖമില്ല' എന്നായിരുന്നു താൽക്കാലിക ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പറഞ്ഞത്.

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍ ഹാർദിക്കിന്‍റെ അപ്രതീക്ഷിത മാറ്റത്തിന് പിന്നിലെ യഥാർത്ഥ കാരണം മത്സരശേഷം വെളിപ്പെടുത്തിയിരിക്കുകയാണ് സഹതാരം റയാൻ റിക്കിൽട്ടൺ. മത്സരശേഷമുള്ള വാര്‍ത്താസമ്മേളനത്തിൽ ഹാർദിക്കിനെ വലയ്ക്കുന്നത് നടുവേദന ആണെന്ന് റിക്കൽട്ടൺ വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചയോടെയാണ് ഹാർദിക്കിന് നടുവേദന അനുഭവപ്പെടുന്ന കാര്യം ഞാൻ അറിഞ്ഞത്. പരിക്കിന്‍റെ തീവ്രത എത്രത്തോളമുണ്ടെന്ന് വ്യക്തമല്ല. എങ്കിലും ഈ ആഴ്ച റായ്‌പൂരിൽ നടക്കാനിരിക്കുന്ന അടുത്ത മത്സരത്തിന് മുന്നോടിയായി അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് കരുതുന്നതെന്നും റിക്കിൽട്ടൺ പറഞ്ഞു.

ഹാർദിക്കിന്‍റെ അഭാവത്തിൽ രോഹിത് ശർമ്മയാണ് ടീമിലേക്ക് തിരിച്ചെത്തിയത്. മത്സരത്തില്‍ ലക്നൗ ഉയർത്തിയ 229 റൺസ് എന്ന കൂറ്റൻ ലക്ഷ്യം വെറും 18.4 ഓവറിൽ മുംബൈ മറികടന്നു. 44 പന്തില്‍ 84 റണ്‍സെടുത്ത രോഹിത് ശർമ്മയും 32 പന്തില്‍ 83 റണ്‍സെടുത്ത റിയാൻ റിക്കിള്‍ടണുമാണ് മുംബൈയുടെ ജയം അനായാസമാക്കിയത്. ആദ്യ വിക്കറ്റിൽ രോഹിത്തും റിക്കിൽട്ടണും ചേർന്ന് പടുത്തുയർത്തിയ 143 റൺസിന്‍റെ കൂട്ടുകെട്ടാണ് മുംബൈയുടെ വിജയത്തിന് അടിത്തറയിട്ടത്. ജയിച്ചെങ്കിലും മുംബൈ പോയിന്‍റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്(10 മത്സരങ്ങളിൽ 3 ജയം). ലക്നൗ പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. ഹാർദിക് പാണ്ഡ്യ അടുത്ത മത്സരത്തിൽ തിരിച്ചെത്തുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക