മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ ചുവടുപിടിച്ച് ആഭ്യന്തര ക്രിക്കറ്റിലും മാറ്റത്തിന്‍റെ ബാറ്റ് വീശാന്‍ ബിസിസിഐ. ഡിആര്‍എസും ടോസും അടക്കം നിര്‍ണായക മാറ്റങ്ങള്‍ക്കാണ് മുംബൈയില്‍ ചേര്‍ന്ന ആഭ്യന്തര ടീം നായകന്‍മാരുടെയും പരിശീലകരുടെയും സമ്മേളനത്തില്‍ തീരുമാനമായത്. ആഭ്യന്തര ക്രിക്കറ്റ് കൂടുതല്‍ മത്സരാധിഷ്‌ഠിതം ആക്കുന്നതിനായാണ് ഈ നീക്കം. എന്നാല്‍ ബിസിസിഐയുടെയും കമ്മിറ്റി ഓഫ് അഡ്‌മിനിസ്‌ട്രേറ്റേര്‍സിന്‍റെയും അനുമതി ലഭിച്ചശേഷമേ തീരുമാനങ്ങള്‍ നടപ്പാകുകയുള്ളൂ. 

രഞ്ജി ട്രോഫിയുടെ കഴിഞ്ഞ സീസണില്‍ മോശം അംപയറിംഗ് വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. ഇതോടെ ആഭ്യന്തര ക്രിക്കറ്റിലും ഡിആര്‍എസ് നടപ്പിലാക്കണമെന്ന് വ്യാപകമായി ആവശ്യമുയര്‍ന്നു. എന്നാല്‍ അംപയറിംഗ് അക്കാദമി വീണ്ടും ആരംഭിക്കുന്ന കാര്യം സമ്മേളനത്തില്‍ ചര്‍ച്ചയായില്ലെന്നും അംപയര്‍മാര്‍ക്കുള്ള സെമിനാറുകളും ക്ലാസുകളും സമയോചിതമായി തുടരുമെന്നും ബിസിസിഐ ജനറല്‍ മാനേജര്‍ സാബാ കരീം വ്യക്തമാക്കി. 

അടുത്തിടെ അവസാനിച്ച ഐപിഎല്ലിലെ അംപയറിംഗ് വിവാദങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയായില്ല. അംപയര്‍മാരുടെ തീരുമാനങ്ങളില്‍ വിയോജിപ്പ് രേഖപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണിയും റോയല്‍ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. നോ ബോള്‍ വിളിക്കാത്തതില്‍ പ്രകോപിതനായി ധോണി മൈതാനത്തിറങ്ങിയതും ഐപിഎല്ലിനിടെ വലിയ ചര്‍ച്ചയായിരുന്നു. 
 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക്  ട്വിറ്റര്‍  ഇന്‍സ്റ്റഗ്രാം യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യു. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്ഫോമുകള്‍ പിന്തുടരുക.