മുംബൈ: രഞ്ജി ട്രോഫിയില്‍ ഡി ആര്‍ എസ് ഉപയോഗിക്കാന്‍ ബിസിസിഐ തീരുമാനം. നോക്കൗട്ട് റൗണ്ട് മുതലാണ് ഡിസിഷന്‍ റിവ്യൂ സിസ്റ്റം ഉപയോഗിക്കുക. പിഴവുകളും പരാതികളും പരാമവധി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കാരം. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഉപയോഗിക്കുന്ന അതേ രീതി ആയിരിക്കില്ല രഞ്ജിയില്‍ പിന്തുടരുക. നേരിയ വ്യത്യാസം കാണും.

അമ്പയര്‍മാരുടെ പിഴവ് കാരണം വന്‍ വിവാദത്തോടെയാണ് കഴിഞ്ഞ സീസണിലെ രഞ്ജി ട്രോഫി അവസാനിച്ചത്. അന്ന് കര്‍ണാടകയ്‌ക്കെതിരായ മത്സരത്തില്‍ രണ്ട് തവണ വിദര്‍ഭതാരം ചേതേശ്വര്‍ പൂജാരയ്ക്ക് ജീവന്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് കര്‍ണാടകയെ പിന്തുണയ്ക്കാന്‍ എത്തിയവര്‍ പൂജാരയെ ചതിയന്‍ എന്ന് വിളിക്കുകയും ചെയ്തു. ഇത്തരം വിവാദങ്ങള്‍ കുറയ്ക്കുകയാണ് ബിസിസിഐയുടെ ലക്ഷ്യം. 

രഞ്ജി ട്രോഫിയില്‍ ഡി ആര്‍ എസ് ഉപയോഗിക്കണമെന്നുള്ള ബിസിസിഐയുടെ ആവശ്യത്തിന് സുപ്രീം കോടതി നിയമിച്ച ഭരണ നിര്‍വഹണ സമിതി സമ്മതം മൂളുകയായിരുന്നു.