ഹാർദിക് പാണ്ഡ്യ പുറത്തായ ശേഷം അവസാന 10 പന്തിൽ 17 റൺസ് വേണമെന്നിരിക്കെയാണ് ദുബെ ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയ ദുബെ, ആ ഓവറിലെ അഞ്ചാം പന്തിലും ഫോർ കണ്ടെത്തി. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 7 റൺസായി ചുരുങ്ങി.
കൊൽക്കത്ത: ടി20 ലോകകപ്പിലെ നിർണായക സൂപ്പര്‍ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിലെത്തിയപ്പോൾ, എല്ലാവരും ചർച്ച ചെയ്തത് സഞ്ജു സാംസണിന്‍റെ വെടിക്കെട്ട് ബാറ്റിംഗിനെക്കുറിച്ചായിരുന്നു. എന്നാൽ മത്സരത്തിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ശിവം ദുബെയുടെ പ്രകടനമാണ് അവസാന ഓവറിലെ ഇന്ത്യയുടെ സമ്മർദ്ദം കുറച്ചതെന്ന് തുറന്നു പറയുകയാണ് പേസര്‍ ജസ്പ്രീത് ബുമ്ര. 19-ാം ഓവറിൽ ഷമർ ജോസഫിനെതിരെ ദുബെ നേടിയ രണ്ട് ബൗണ്ടറികളാണ് വിജയത്തിൽ നിർണ്ണായകമായതെന്ന് ബുംറ പറഞ്ഞു.
ഹാർദിക് പാണ്ഡ്യ പുറത്തായ ശേഷം അവസാന 10 പന്തിൽ 17 റൺസ് വേണമെന്നിരിക്കെയാണ് ദുബെ ക്രീസിലെത്തിയത്. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയ ദുബെ, ആ ഓവറിലെ അഞ്ചാം പന്തിലും ഫോർ കണ്ടെത്തി. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 7 റൺസായി ചുരുങ്ങി.
ക്രിക്കറ്റ് പുസ്തകങ്ങളിലോ കണക്കുകളിലോ ദുബെ അടിച്ച ആ രണ്ട് ഫോറുകൾക്ക് വലിയ പ്രാധാന്യം ആരും നൽകില്ല. എന്നാൽ ക്രിക്കറ്റിനെ ശരിക്കും അറിയുന്നവർക്ക് മനസിലാകും ആ ബൗണ്ടറികൾ എത്രത്തോളം സമ്മർദ്ദം കുറച്ചുവെന്ന്. അവസാന ഓവറിൽ 8-9 റൺസ് എന്നത് ചിലപ്പോൾ കഠിനമായ ഒന്നായി മാറിയേക്കാം. എന്നാൽ ദുബെയുടെ ആ രണ്ട് ഷോട്ടുകൾ കളി ഞങ്ങൾക്ക് അനുകൂലമാക്കി- ബുമ്ര പറഞ്ഞു.
ബാറ്റിംഗിൽ സഞ്ജുവും ദുബെയും തിളങ്ങിയപ്പോൾ ബൗളിംഗിൽ ഇന്ത്യയുടെ രക്ഷകനായത് ബുമ്രയായിരുന്നു. 4 ഓവറിൽ 36 റൺസ് വഴങ്ങി ഷിമ്രോൺ ഹെറ്റ്‌മെയർ, റോസ്റ്റൺ ചേസ് എന്നിവരെ ഒരേ ഓവറിൽ പുറത്താക്കിയതാണ് വിൻഡീസിന്റെ കുതിപ്പിന് തടയിട്ടത്. വിക്കറ്റ് സ്ലോ ആയതുകൊണ്ട് തന്നെ വേഗത കുറച്ച് പന്തെറിയാനാണ് താൻ ശ്രമിച്ചതെന്ന് ബ്രുമ്ര വ്യക്തമാക്കി. ബാക്ക് ഓഫ് ലെങ്ത് പന്തുകളും പേസ് വ്യതിയാനങ്ങളും ഉപയോഗിച്ച് റൺസ് നേടുന്നത് പ്രയാസകരമാക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അത് ഫലം കണ്ടു-ബുമ്ര പറഞ്ഞു.
സഞ്ജു സാംസൺ പുറത്താകാതെ നേടിയ 97 റൺസിന്‍റെ മികവിൽ അഞ്ച് വിക്കറ്റ് ജയത്തോടെയാണ് വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ സെമിയിൽ എത്തിയത്. വ്യാഴാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.
