ഇന്നലെ ഇന്ത്യൻ ടീം അംഗങ്ങള്‍ക്കൊപ്പം കൊല്‍ക്കത്തയിലെത്തിയ കോച്ച് ഗൗതം ഗംഭീര്‍ പിച്ച് പരിശോധിച്ചിരുന്നു. ഇന്നലെ വൈകിട്ട് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റും മുന്‍ നായകനുമായ സൗരവ് ഗാംഗുലിയും പിച്ച് പരിശോധിച്ചു.

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ തുടക്കമാകുമ്പോള്‍ ഇരു ടീമുകളെയും കാത്തിരിക്കുന്നത് ആദ്യ ദിനം മുതല്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചായാരിക്കുമോ എന്ന ആശങ്കകൾക്ക് മറുപടി നല്‍കി ഈഡന്‍ ഗാര്‍ഡന്‍സിലെ ചീഫ് ക്യൂറേറ്റര്‍ സുജൻ മുഖര്‍ജി.ബാറ്റര്‍മാര്‍ക്കും ബൗളര്‍മാര്‍ക്കും ഒരുപോലെ പിന്തുണ നല്‍കുന്ന സ്പോര്‍ട്ടിംഗ് വിക്കറ്റാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് ക്യൂറേറ്റര്‍ സുജന്‍ മുഖര്‍ജി പറഞ്ഞു.

ഇന്നലെ ഇന്ത്യൻ ടീം അംഗങ്ങള്‍ക്കൊപ്പം കൊല്‍ക്കത്തയിലെത്തിയ കോച്ച് ഗൗതം ഗംഭീര്‍ പിച്ച് പരിശോധിച്ചിരുന്നു. ഇന്നലെ വൈകിട്ട് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റും മുന്‍ നായകനുമായ സൗരവ് ഗാംഗുലിയും പിച്ച് പരിശോധിച്ചു. ആദ്യ ദിനം മുതല്‍ പന്ത് കുത്തിത്തിരിയുന്ന പിച്ചായിരിക്കുമോ ഈഡനിലേതെന്ന ചോദ്യത്തിന് ഇന്ത്യൻ ടീമിന്‍റെ ഭാഗത്തുനിന്ന് പ്രത്യേക നിര്‍ദേശങ്ങളൊന്നുമില്ലെന്നും പിച്ചിന്‍റെ സ്വഭാവത്തെക്കുറിച്ച് ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്നുമായിരുന്നു ഗാംഗുലിയുടെ മറുപടി.

ഈ രഞ്ജി സീസണില്‍ രണ്ട് മത്സരങ്ങള്‍ക്ക് വേദിയായപ്പോഴും ഈഡനില്‍ വേഗം കുറഞ്ഞ പിച്ചായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പേസര്‍മാര്‍ക്ക് സഹായമൊന്നും ലഭിക്കാത്ത പിച്ചിലും ഉത്തരാണ്ഡിനെതിരെ മുഹമ്മദ് ഷമി മികച്ച ബൗളിംഗ് പുറത്തെടുത്തിരുന്നു. പിച്ചില്‍ വെള്ളം നനക്കുന്നത് ശനിയാഴ്ചയോടെ നിര്‍ത്തിയെന്നും പിച്ച് പരിശോധിച്ച ഇന്ത്യൻ കോച്ച് ഗൗതം ഗംഭീര്‍ സംതൃപ്തനാണെന്നും സുജന്‍ മുഖര്‍ജി പറഞ്ഞു. ബാറ്റര്‍മര്‍ക്കും ബൗളര്‍മാര്‍ക്കും ഒരുപോലെ പിന്തുണ ലഭിക്കുന്ന പിച്ചാണെങ്കിലും സ്പിന്നര്‍മാര്‍ക്ക് കുറച്ച് കൂടുതല്‍ പിന്തുണ കിട്ടുമെന്നും മുഖര്‍ജി പറഞ്ഞു.

സ്പിന്നര്‍മാര്‍ക്ക് എത്രമാത്രം സഹായം ലഭിക്കുമെന്ന കാര്യം ഗംഭീര്‍ ചോദിച്ചിരുന്നുവെന്നും മൂന്നാം ദിനം മുതല്‍ സ്പിന്നര്‍മാര്‍ക്ക് സഹായം കിട്ടുന്ന പിച്ചായിരിക്കുമിതെന്ന് മറുപടി നല്‍കിയെന്നും മുഖര്‍ജി വ്യക്തമാക്കി. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ സ്പിന്‍ പിച്ചുകളായിരുന്നു ദക്ഷിണാഫ്രിക്കക്ക് ലഭിച്ചത്. എന്നാല്‍ കേശവ് മഹാരാജ്, സൈമണ്‍ ഹാര്‍മര്‍, സെനുരാന്‍ മുത്തുസ്വാമി എന്നിവരിലൂടെ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാനെ തകര്‍ത്ത് പരമ്പര സമനിലയാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക