ഇന്ത്യയിൽ വനിതാ ക്രിക്കറ്റിൽ വിപ്ലവകരമായ മാറ്റത്തിനാണ് ബിസിസിഐ ഒരുങ്ങുന്നത്

മുംബൈ: വനിതാ ഐപിഎല്ലിന് ടീമുകളെ സ്വന്തമാക്കാൻ താൽപര്യമറിയിച്ച് ഐപിഎല്ലിലെ എട്ട് ഫ്രാഞ്ചൈസികൾ. ടൂർണമെന്‍റിൽ ടീമുകളെ സ്വന്തമാക്കാന്‍ അഞ്ച് നഗരങ്ങൾക്കാണ് അവസരം.

ഇന്ത്യയിൽ വനിതാ ക്രിക്കറ്റിൽ വിപ്ലവകരമായ മാറ്റത്തിനാണ് ബിസിസിഐ ഒരുങ്ങുന്നത്. ഐപിഎല്ലിന്‍റെ ഭാഗമായി കഴിഞ്ഞ വർഷം വനിതാ ടൂർണമെന്‍റ് നടത്തിയെങ്കിലും ഫ്രാഞ്ചൈസി അടിസ്ഥാനത്തിൽ വനിതാ ഐപിഎല്ലും ഒരുക്കുകയാണ് ഇത്തവണ ബിസിസിഐ. അഞ്ച് നഗരങ്ങൾക്കുള്ള അവസരത്തിനായി എട്ട് ഐപിഎൽ ടീമുകളാണ് താൽപര്യമറിയിച്ചിരിക്കുന്നത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ് ടീമുകൾ ബിഡ് നൽകുമെന്നാണ് റിപ്പോർട്ട്. 

ഐപിഎല്ലിലെ മറ്റ് രണ്ട് ടീമുകളായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും ടെൻഡർ ഡോക്യുമെന്‍റ് വാങ്ങുന്ന കാര്യത്തിൽ വ്യക്തതയായില്ല. ഈ മാസം 25ന് ബിസിസിഐ അഞ്ച് നഗരങ്ങളെയും ബിഡിൽ വിജയിച്ച ഫ്രാഞ്ചൈസികളെയും പ്രഖ്യാപിക്കും. മാർച്ചിൽ പ്രഥമ വനിതാ ഐപിഎൽ നടത്തുമെന്നാണ് കരുതുന്നത്. 

താരങ്ങളുടെ രജിസ്ട്രേഷന്‍ 26 വരെ

ലേലത്തിനായി താരങ്ങള്‍ക്ക് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തിയതി ജനുവരി 26 ആണ്. ക്യാപ്‌ഡ്, അണ്‍ക്യാപ്‌ഡ് താരങ്ങള്‍ക്ക് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. ക്യാപ്‌ഡ് താരങ്ങളില്‍ 50 ലക്ഷം രൂപ, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെ അടിസ്ഥാന വിലയിലാണ് ലേലംവിളി തുടങ്ങുക. അണ്‍ ക്യാപ്‌ഡ് താരങ്ങള്‍ക്ക് 20 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വില. ആറ് വിദേശ താരങ്ങൾ ഉൾപ്പടെ ഓരോ ടീമിനും പതിനെട്ട് താരങ്ങളെ ടീമിൽ ഉൾപ്പെടുത്താമെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. അഞ്ച് വിദേശ താരങ്ങളെയാണ് ഒരു മത്സരത്തിൽ ടീമിൽ ഉൾപ്പെടുത്താനാവുക. 

രഞ്ജി ട്രോഫിക്കിടെ അസുഖബാധിതനായ ക്രിക്കറ്റ് താരം അന്തരിച്ചു