മാഞ്ചസ്റ്ററില്‍ നാളെയാണ് അഞ്ചാം ടെസ്റ്റിന് തുടക്കമാവുക. ഓവലിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലാണ്. 

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് പര്യടനത്തിലെ അഞ്ചാമത്തെയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റ് ആശങ്കയിലാക്കി ഇന്ത്യന്‍ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫിന് കൊവിഡ്. ഇതോടെ ഇന്ന് ഉച്ചകഴിഞ്ഞ് നടത്താനിരുന്ന പരിശീലന സെഷന്‍ ഉപേക്ഷിച്ചു. ഒരു ദിവസം മാത്രമാണ് മാഞ്ചസ്റ്ററിലെ കലാശപ്പോര് തുടങ്ങാന്‍ അവശേഷിക്കുന്നത്. 

നേരത്തെ ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രിക്കാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. രവി ശാസ്‌ത്രിക്ക് പ്രാഥമിക പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതായി ഓവല്‍ ടെസ്റ്റിന്‍റെ നാലാം ദിനത്തെ മത്സരം ആരംഭിക്കുന്നതിന് അര മണിക്കൂര്‍ മാത്രം മുമ്പ് ബിസിസിഐ അറിയിക്കുകയായിരുന്നു. പിന്നാലെ ബൗളിംഗ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിംഗ് പരിശീലകന്‍ ആര്‍ ശ്രീധര്‍ എന്നിവര്‍ക്കും ആര്‍ടിപിസിആര്‍ പരിശോധനയില്‍ കൊവിഡ് കണ്ടെത്തി. ഒരു സപ്പോര്‍ട്ട് സ്റ്റാഫിന് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് ബാധിതര്‍ നാലായി. 

മാഞ്ചസ്റ്ററില്‍ നാളെയാണ് ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റിന് തുടക്കമാവുക. ഓവലിൽ ജയിച്ച ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലാണ്. ഹെഡിംഗ്‌ലെയില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 76 റണ്‍സിനും പരാജയം രുചിച്ച ശേഷം ഓവലില്‍ ഇംഗ്ലണ്ടിനെ 157 റണ്‍സിന് കീഴടക്കി ശക്തമായി ടീം ഇന്ത്യ തിരിച്ചെത്തുകയായിരുന്നു. എങ്കിലും മാഞ്ചസ്റ്ററിലെ റെക്കോര്‍ഡ് ഇന്ത്യന്‍ ടീമിനെ സന്തോഷിപ്പിക്കുന്നതല്ല. 

കൊവിഡ് ഐസൊലേഷന്‍; രവി ശാസ്‌ത്രിക്ക് മാഞ്ചസ്റ്റര്‍ ടെസ്റ്റ് നഷ്‌ടമാകും

കളിക്കുമോ അശ്വിന്‍? ഇംഗ്ലീഷ് പരീക്ഷയുടെ ഫലമറിയിക്കാന്‍ മാഞ്ചസ്റ്റര്‍ ടെസ്റ്റ് നാളെ മുതല്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona