കോലിയുടെ ആദ്യ ഷോട്ടുകള്‍ കണ്ട എല്ലാവരും പ്രതീക്ഷിച്ചത് നീണ്ട ഇടവേളയ്ക്ക് ശേഷം സെഞ്ചുറിയോടെ ലോര്‍ഡ്‌സില്‍ കിംഗിന്‍റെ രാജകീയ തിരിച്ചുവരവായിരുന്നു

ലോര്‍ഡ്‌സ്: തന്‍റെ ട്രേഡ് മാര്‍ക്ക് കവ‍ര്‍ഡ്രൈവ് കൊണ്ട് ആരാധകര്‍ക്ക് ഒരുപാട് പ്രതീക്ഷ നല്‍കിയ തുടക്കം. ഒടുവില്‍ 25 പന്തില്‍ 16 റണ്‍സ് മാത്രമെടുത്ത് പതിവ് ഓഫ്‌ സ്റ്റംപ് ട്രാപ്പില്‍ കുടുങ്ങി മടങ്ങുകയായിരുന്നു ലോര്‍ഡ്‌സില്‍(Lord's Cricket Ground) ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തില്‍(ENG vs IND 2nd ODI) ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി(Virat Kohli). കോലിയുടെ ആദ്യ ഷോട്ടുകള്‍ കണ്ട എല്ലാവരും പ്രതീക്ഷിച്ചത് നീണ്ട ഇടവേളയ്ക്ക് ശേഷം സെഞ്ചുറിയോടെ ലോര്‍ഡ്‌സില്‍ കിംഗിന്‍റെ രാജകീയ തിരിച്ചുവരവായിരുന്നു. 

ഇത് കോലിയുടെ ദിനമാണ്, കോലിയുടെ ബാറ്റില്‍ നിന്ന് ബൗണ്ടറികള്‍ പാഞ്ഞതോടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സമാനമായിരുന്നു ഇന്ത്യന്‍ ഓപ്പണിംഗ് ഇതിഹാസം വീരേന്ദര്‍ സെവാഗിന്‍റെ ട്വീറ്റും. ഇത് കോലിയുടെ ദിനമാണെന്ന് തോന്നിക്കുന്നതായി വീരു ട്വീറ്റ് ചെയ്തു. എന്നാല്‍ പ്രതീക്ഷകള്‍ക്ക് അല്‍പായുസേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യന്‍ ഇന്നിംഗ്സില്‍ ഡേവിഡ് വില്ലി എറിഞ്ഞ പന്ത്രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ ഓഫ് സ്റ്റംപിന് പുറത്തുപോയ ബോളില്‍ പതിവുപോലെ ബാറ്റുവെച്ച കോലിയെ വിക്കറ്റിന് പിന്നില്‍ ജോസ് ‌ബട്‌ലര്‍ പിടികൂടി. ഇതോടെ വീരുവിനെ ട്രോള‍ര്‍മാര്‍ വളഞ്ഞു. രക്ഷപ്പെടാന്‍ തന്‍റെ ആദ്യ ട്വീറ്റിന് മറുപടി ഇടേണ്ടിവന്നു സെവാഗിന്. 'ആയിരുന്നില്ല' എന്ന് കുറിച്ച് സെവാഗ് തടിയൂരുകയായിരുന്നു. 

Scroll to load tweet…

ഫോം കണ്ടെത്താൻ കഴിയാതെ പ്രയാസപ്പെടുന്ന വിരാട് കോലിക്ക് വീണ്ടും നിരാശ സമ്മാനിക്കുകയായിരുന്നു ലോര്‍ഡ്സിലെ ഇംഗ്ലണ്ട്-ഇന്ത്യ രണ്ടാം ഏകദിനം. പരിക്കിൽ നിന്ന് മുക്തനായി ടീമിൽ തിരിച്ചെത്തിയ കോലി 16 റൺസിന് പുറത്തായി. നല്ല തുടക്കം കിട്ടിയ കോലി 25 പന്തിൽ മൂന്ന് ഫോറുകളോടെയാണ് 16 റൺസെടുത്തത്. ഏകദിനത്തിൽ കോലിയുടെ അവസാന സെഞ്ചുറി 2019 ഓഗസ്റ്റിലായിരുന്നു. ഇതിന് ശേഷം 23 ഇന്നിംഗ്സുകളാണ് കോലി കളിച്ചത്. കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ചുറി 2019 നവംബർ 23ന് കൊൽക്കത്തിൽ ബംഗ്ലാദേശിനെതിരെ ആയിരുന്നു. ഇതിന് ശേഷം 78 ഇന്നിംഗ്സിലും കോലിക്ക് മൂന്നക്കത്തിൽ എത്താനായില്ല. അവസാന ഏഴ് ഇന്നിംഗ്സിൽ 23, 13, 11, 20, 1, 11, 16 എന്നിങ്ങനെയാണ് കോലിയുടെ സ്കോർ.

Virat Kohli : 'ഈ കാലവും കടന്നുപോകും'; കോലിയെ പിന്തുണച്ച് ബാബർ അസം, കയ്യടിച്ച് ക്രിക്കറ്റ് ലോകം