4, 4, 4, 4, 4! തുടര്‍ച്ചയായി അഞ്ച് ബൗണ്ടറി; വില്ലിയേ വില്ലോ കൊണ്ട് അടിച്ചോടിച്ച് റിഷഭ് പന്ത്- വീഡിയോ
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് വിസ്‌മയ പ്രകടനം പുറത്തെടുത്തപ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തമായി

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍(ENG vs IND 3rd ODI) തോല്‍വി ഉറപ്പിച്ചിടത്തുനിന്ന് ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം ഇന്ത്യക്ക് വിജയവും പരമ്പരയും സമ്മാനിച്ചത് റിഷഭ് പന്തിന്‍റെ(Rishabh Pant) തകര്‍പ്പന്‍ സെഞ്ചുറിയായിരുന്നു. ഏകദിന കരിയറിലെ കന്നി ശതകം വിദേശ പിച്ചില്‍ കുറിച്ചാണ് റിഷഭ് ആറാടിയത്. ഇതിനിടെ ഡേവിഡ് വില്ലിയെ(David Willey) തുടര്‍ച്ചയായി അഞ്ച് ബൗണ്ടറികള്‍ക്ക് പറത്തി റിഷഭ് പന്ത്.
ഇന്ത്യക്കെതിരെ ഡേവിഡ് വില്ലി 42-ാം ഓവര്‍ എറിയാനെത്തുമ്പോള്‍ 236-5 ആയിരുന്നു ഇന്ത്യന്‍ സ്കോര്‍. ജയിക്കാന്‍ വേണ്ടത് 24 റണ്‍സ്. എന്നാല്‍ നേരിട്ട ആദ്യ അഞ്ച് പന്തുകളും ഫോറിന് പറത്തി റിഷഭ് പന്ത് ഇന്ത്യയെ ജയത്തിന് അരികിലെത്തിച്ചു. വില്ലിയുടെ അവസാന പന്തില്‍ വീണ്ടുമൊരു ഫോറോടെ സ്റ്റൈലില്‍ ഇന്ത്യയെ റിഷഭ് ജയിപ്പിക്കും എന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും സിംഗിളെടുത്തു താരം. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ജോ റൂട്ടിനെ റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറി നേടിയ റിഷഭ് പന്ത് ഇന്ത്യയ്ക്ക് ആവേശജയവും പരമ്പരയും സമ്മാനിച്ചു. 2-1നാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. കാണാം വില്ലിയെ അടിച്ചോടിച്ച റിഷഭ് പന്തിന്‍റെ ബാറ്റിംഗ്.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് വിസ്‌മയ പ്രകടനം പുറത്തെടുത്തപ്പോള്‍ ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തമായി. നിര്‍ണായകമായ അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് 45.5 ഓവറില്‍ 259 എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 42.1 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റിഷഭ് പന്ത് 113 പന്തിൽ പുറത്താവാതെ 125* റൺസെടുത്തു. ഹാര്‍ദിക് പാണ്ഡ്യ(55 പന്തില്‍ 71) റിഷഭിന് മികച്ച പിന്തുണ നല്‍കി. അഞ്ചാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയും റിഷഭ് പന്തും 132 റൺസിന്‍റെ നിർണായക കൂട്ടുകെട്ടുണ്ടാക്കിയതാണ് ഇന്ത്യക്ക് രക്ഷയായത്.
നേരത്തെ ഏഴ് ഓവറില്‍ 24 റണ്ണിന് നാല് വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗിലും തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ട് 45.5 ഓവറില്‍ 259 റണ്‍സില്‍ പുറത്താവുകയായിരുന്നു. യുസ്‌വേന്ദ്ര ചാഹല്‍ മൂന്നും മുഹമ്മദ് സിറാജ് രണ്ടും രവീന്ദ്ര ജഡേജ ഒന്നും വിക്കറ്റ് നേടി. 60 റണ്ണെടുത്ത നായകന്‍ ജോസ് ബട്‌ലറാണ് ഇംഗ്ലീഷ് ടോപ് സ്‌കോറര്‍. ജേസന്‍ റോയി 41 റണ്‍സെടുത്തു. റിഷഭ് പന്ത് കളിയിലെയും ഹാര്‍ദിക് പാണ്ഡ്യ പരമ്പരയിലേയും താരമായി തെരഞ്ഞെടുക്കപ്പെട്ടു.
Hardik Pandya : ബാറ്റും ബോളും കൊണ്ട് പാണ്ഡ്യാവതാരം; അപൂര്‍വ നേട്ടവുമായി ഹാർദിക് പാണ്ഡ്യ