ഓവല്‍ ടെസ്റ്റിന്‍റെ അവസാന ദിനമായ ഇന്ന് ആരായിരിക്കും ഇംഗ്ലണ്ടിന് വലിയ വെല്ലുവിളി എന്ന് പ്രവചിച്ച് മൊയീന്‍ അലി 

ഓവല്‍: ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ഓവല്‍ ക്രിക്കറ്റ് ടെസ്റ്റ് ത്രില്ലിംഗ് ഫിനിഷിലേക്ക് നീങ്ങുകയാണ്. അഞ്ചാം ദിനം വിജയിക്കാന്‍ ഇംഗ്ലണ്ടിന് 291 റണ്‍സ് വേണം. എന്നാല്‍ 10 വിക്കറ്റ് കയ്യിലുണ്ടെങ്കിലും ഇംഗ്ലണ്ടിന് വിജയിക്കുക എളുപ്പമാവില്ല എന്ന് തുറന്നുസമ്മതിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ഉപനായകന്‍ മൊയീന്‍ അലി. ഇന്ത്യയുടെ ഇടംകൈയന്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയായിരിക്കും ഓവല്‍ ടെസ്റ്റിലെ അഞ്ചാം ദിനം ഇംഗ്ലണ്ടിന് വലിയ വെല്ലുവിളിയാവുക എന്ന് അലി പറഞ്ഞു. 

'എന്തും സംഭവിപ്പിക്കാന്‍ കഴിവുള്ള ബൗളറാണ് ജസ്‌പ്രീത് ബുമ്ര. എന്നാല്‍ ഓവല്‍ പിച്ചില്‍ ഏറ്റവും വലിയ വെല്ലുവിളി രവീന്ദ്ര ജഡേജയായിരിക്കും. ഫ്ലാറ്റ് വിക്കറ്റാണെങ്കിലും നന്നായി കളിക്കാനാണ് ഞങ്ങള്‍ പോകുന്നത്. ഇന്ത്യ എപ്പോഴും ശക്തമായി തിരിച്ചടിക്കുന്നതിനാല്‍ നമ്മൾ ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇംഗ്ലീഷ് ഓപ്പണര്‍മാര്‍(റോറി ബേൺസ്, ഹസീബ് ഹമീദ്) നന്നായാണ് ബാറ്റ് ചെയ്യുന്നത്. ആദ്യ 10-15 ഓവറുകള്‍ കടന്നാല്‍ ഇരുവരും നല്ല സ്ഥിരത കാട്ടും. മികച്ച കൂട്ടുകെട്ട് അഞ്ചാം ദിനം ഓപ്പണര്‍മാര്‍ സൃഷ്ടിക്കും എന്നാണ് പ്രതീക്ഷ'യെന്നും അലി സ്‌കൈ സ്‌പോര്‍ട്‌സിനോട് വ്യക്തമാക്കി. 

ഓവൽ ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ജയപ്രതീക്ഷയിലാണ് ഇന്ത്യ അവസാന ദിനം മൈതാനത്തിറങ്ങുക. ഇന്ത്യ മുന്നോട്ടുവെച്ച 368 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റ് പോകാതെ 77 റൺസ് എന്ന നിലയില്‍ അവസാന ദിനമായ ഇന്ന് ബാറ്റിംഗ് തുടങ്ങും. 31 റൺസുമായി റോറി ബേൺസും 43 റൺസുമായി ഹസീബ് ഹമീദുമാണ് ക്രീസിലുള്ളത്. 291 റൺസ് പിന്നിലാണ് ഇംഗ്ലണ്ട് ഇപ്പോൾ. തുടക്കത്തിൽ തന്നെ വിക്കറ്റ് വീഴ്‌ത്തി ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കാനാകും ഇന്ത്യയുടെ ശ്രമം. ഇന്ന് ജയിച്ചാൽ ടീം ഇന്ത്യക്ക് പരമ്പരയിൽ മുന്നിലെത്താം.

'രഹാനെയെ പുറത്തിരുത്തണം'; വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍

ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യത്തിലേക്ക് ഇംഗ്ലണ്ടിന് മികച്ച തുടക്കം; അഞ്ചാംദിനം ത്രില്ലറിലേക്ക്

ഇന്ത്യയുടെ വാലറ്റവും അടിയോടടി; ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 368 റണ്‍സ് വിജയലക്ഷ്യം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona