132 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ മോശം തുടക്കമായിരുന്നു ലഭിച്ചത്

എഡ്‍ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍(ENG vs IND 5th Test) കൂറ്റന്‍ ലീഡ് ലക്ഷ്യമാക്കി ഇന്ത്യ. മൂന്നാംദിനത്തിലെ കളി നിർത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 125 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യക്കിപ്പോള്‍ ആകെ 257 റണ്‍സിന്‍റെ ലീഡായി. ചേതേശ്വർ പുജാരയും(Cheteshwar Pujara) 50*, റിഷഭ് പന്തുമാണ്(Rishabh Pant) 30* ക്രീസില്‍. പുജാര 139 പന്തുകള്‍ ഇതിനകം നേരിട്ടാണ് ക്രീസില്‍ കാലുറപ്പിച്ചിരിക്കുന്നത്. അതേസമയം മുന്‍നായകന്‍ വിരാട് കോലി(Virat Kohli) ഒരിക്കല്‍ക്കൂടി ബാറ്റിംഗ് പരാജയമായി. 

ക്ലാസ് പുജാര

132 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഇന്നിംഗ്സില്‍ മോശം തുടക്കമാണ് ലഭിച്ചത്. സ്കോർ ബോർഡില്‍ 43 റണ്‍സ് ചേർക്കുന്നതിനിടെ ഓപ്പണർ ശുഭ്‍മാന്‍ ഗില്ലും മൂന്നാമന്‍ ഹനുമാ വിഹാരിയും പവലിയനിലെത്തി. 3 പന്തില്‍ 4 റണ്‍സെടുത്ത ഗില്ലിനെ ജിമ്മി ആന്‍ഡേഴ്സണും 44 പന്തില്‍ 11 റണ്‍ നേടിയ ഹനുമാ വിഹാരിയെ സ്റ്റുവർട്ട് ബ്രോഡുമാണ് മടക്കിയത്. ഒരിക്കല്‍ക്കൂടി നിറംമങ്ങിയ കോലി 40 പന്തില്‍ 20 റണ്‍സുമായി ബെന്‍ സ്റ്റോക്സിന് അടിയറവുപറഞ്ഞു. ഇതോടെ 75-3 എന്ന നിലയിലായ ഇന്ത്യക്കായി ക്രീസില്‍ മികച്ച ലീഡിനായി പൊരുതുകയാണ് ചേതേശ്വർ പുജാരയും റിഷഭ് പന്തും. 

ബെയ്ർസ്റ്റോ, ഇയാളെന്ത് മനുഷ്യനാ...

കരിയറിലെ 11-ാം ടെസ്റ്റ് ശതകവുമായി എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെ വമ്പന്‍ നാണക്കേടില്‍ നിന്ന് രക്ഷിക്കുകയായിരുന്നു ജോണി ബെയ്ർസ്റ്റോ. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ടിനെ 284 റണ്‍സിലെത്തിച്ചത് ജോണിയുടെ ശതമാണ്. സെഞ്ചുറി നേടി പുറത്തായ ശേഷം എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് കാണികള്‍ ബെയ്ർസ്റ്റോയെ ഡ്രസിംഗ് റൂമിലേക്ക് ആനയിച്ചത്. 

സിറാജ് താരം 

140 പന്തില്‍ 14 ഫോറും രണ്ട് സിക്സും സഹിതം ജോണി ബെയ്ർസ്റ്റോ 106 റണ്‍സെടുത്തു. ബെയ്ർസ്റ്റോയാണ് ഇംഗ്ലണ്ടിന്‍റെ ടോപ്പർ. 25 റണ്‍സെടുത്ത നായകന്‍ ബെന്‍ സ്റ്റോക്സ്, 36 റണ്‍സെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ സാം ബില്ലിംഗ്സ് എന്നിവർക്കൊപ്പമുള്ള ബെയ്ർസ്റ്റോയുടെ കൂട്ടുകെട്ടുകള്‍ ഇംഗ്ലണ്ടിന് നിർണായകമായി. എങ്കിലും ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 416 റണ്‍സ് പിന്തുടർന്ന ഇംഗ്ലണ്ട് 284 റണ്‍സില്‍ പുറത്തായി. ഇന്ത്യക്ക് 132 റണ്‍സിന്‍റെ നിർണായക ലീഡ് ലഭിച്ചു. ഇന്ത്യക്കായി പേസർമാരായ മുഹമ്മദ് സിറാജ് നാലും ജസ്പ്രീത് ബുമ്ര മൂന്നും മുഹമ്മദ് ഷമി രണ്ടും ഷർദ്ദുല്‍ ഠാക്കൂർ ഒന്നും വിക്കറ്റ് വീഴ്ത്തി.

റിഷഭ്-ജഡേജ ഷോ

നേരത്തെ ശുഭ്മാന്‍ ഗില്‍(17), ചേതേശ്വർ പുജാര(13), വിരാട് കോലി(11), ഹനുമാ വിഹാരി(20) ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയെങ്കിലും ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സില്‍ 416 റണ്‍സ് നേടാനായിരുന്നു. വിക്കറ്റ് കീപ്പർ റിഷഭ് പന്ത് (146), ഓൾറൗണ്ടർ രവീന്ദ്ര ജഡേജ (104) എന്നിവരുടെ സെഞ്ചുറിയാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒരുഘട്ടത്തില്‍ അഞ്ചിന് 98 എന്ന നിലയില്‍ തകർച്ച നേരിട്ടിരുന്നു ഇന്ത്യ. ഇരുവരും കൂട്ടിച്ചേര്‍ത്ത 222 റണ്‍സ് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തി. പിന്നീട് ജസ്പ്രീത് ബുമ്രയുടെ(16 പന്തില്‍ 31) വെടിക്കെട്ട് കൂടിയായപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 400 കടക്കുകയായിരുന്നു.

സ്ലെഡ്‍ജിംഗിന് മുമ്പ് സ്ട്രൈക്ക് റേറ്റ് 21, കഴിഞ്ഞ് 150; ബെയ്ർസ്റ്റോയെ കോലി സെഞ്ചുറി അടിപ്പിച്ചതെന്ന് സെവാഗ്