എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ജയമോ സമനിലയോ നേടിയാൽ ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ടിൽ അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കും

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിനിറങ്ങുമ്പോൾ(ENG vs IND 5th Test) ടീം ഇന്ത്യയുടെ ലക്ഷ്യം ചരിത്രനേട്ടം. ഇംഗ്ലണ്ടിൽ 90 വ‍ർഷത്തിനിടെ ഇതുവരെ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പര ഇന്ത്യന്‍ ടീം ജയിച്ചിട്ടില്ല. പുതു നായകന്‍ ജസ്പ്രീത് ബുമ്രക്ക്(Jasprit Bumrah) കീഴില്‍ ഇന്ത്യന്‍ ടീം(Team India) ചരിത്രം തിരുത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

ക്രിക്കറ്റിന്‍റെ ഈറ്റില്ലമായ ഇംഗ്ലണ്ടിൽ ടീം ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്രനേട്ടം. എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ജയമോ സമനിലയോ നേടിയാൽ ചരിത്രത്തിൽ ആദ്യമായി ഇംഗ്ലണ്ടിൽ അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കും. നിലവിൽ പരമ്പരയിൽ 2-1ന് മുന്നിലാണ് ടീം ഇന്ത്യ. 2007ൽ മൂന്ന് ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിൽ രാഹുൽ ദ്രാവിഡ് നയിച്ച ഇന്ത്യ 1-0ന് ജയിച്ചിരുന്നു. ഇപ്പോൾ അതേ ദ്രാവിഡ് പരിശീലകനായാണ് ചരിത്രംകുറിക്കാൻ തയ്യാറെടുക്കുന്നത്. 

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് തുടക്കമായത് 1932ലാണ്. അഞ്ച് ടെസ്റ്റുകളുള്ള പരമ്പര മൂന്നുതവണ കളിച്ചു. 1959ലും 2014ലും 2018ലും ആയിരുന്നു പരമ്പരകള്‍. 1959ല്‍ അഞ്ച് ടെസ്റ്റും ഇന്ത്യ തോറ്റു. 2014ല്‍ 3-1ന്‍റെ തോല്‍വി രുചിച്ചു. 2018ലും 3-1ന് തോറ്റുമടങ്ങി. കഴിഞ്ഞ വർഷം വിരാട് കോലിയുടെ കീഴിലാണ് ഇന്ത്യ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് ഇംഗ്ലണ്ടില്‍ എത്തിയത്. ട്രെന്‍ഡ്ബ്രിഡ്ജിലെ ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. രണ്ടാം ടെസ്റ്റില്‍ ലോര്‍ഡ്‌സില്‍ ഇന്ത്യ 151 റണ്‍സിന് ജയിച്ചു. മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 76 റണ്‍സിന്‍റെ ജയം സ്വന്തമായി. ഓവലിലെ നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് 157 റണ്‍സ് ജയമുണ്ടായി. എന്നാല്‍ അഞ്ചാം ടെസ്റ്റ് കൊവിഡ് കാരണം മാറ്റിവയ്ക്കുകയായിരുന്നു. 

നീണ്ട ഇടവേളയ്ക്ക് ശേഷം പരമ്പര പൂർത്തിയാക്കാനെത്തുമ്പോൾ വിരാട് കോലി ഇന്ത്യന്‍ ക്യാപ്റ്റൻ സ്ഥാനത്തില്ല. പരിശീലകന്‍റെ സ്ഥാനത്ത് രാഹുൽ ദ്രാവിഡുമെത്തി. ഇന്ന് വൈകിട്ട് മൂന്നരയ്ക്കാണ് എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ട്-ഇന്ത്യ അഞ്ചാം ടെസ്റ്റ് തുടങ്ങുക. കൊവിഡ് ബാധിതനായ രോഹിത് ശ‍ര്‍മ്മയ്ക്ക് പകരം ജസ്പ്രീത് ബുമ്രയാണ് ഇന്ത്യയെ നയിക്കുക. കെ എൽ രാഹുലിന് പരിക്കേറ്റതും രോഹിത് ശർമ്മയ്ക്ക് കൊവി‍ഡ് ബാധിച്ചതും ഇന്ത്യയ്ക്ക് ബാറ്റിംഗിൽ ആശങ്കയാണ്. ശുഭ്മാൻ ഗില്ലിനൊപ്പം ചേതേശ്വർ പുജാര, മായങ്ക് അഗർവാൾ, കെ എസ് ഭരത്, ഹനുമ വിഹാരി എന്നിവരിൽ ഒരാൾ ഓപ്പണിംഗിലെത്തും.

ക്യാപ്റ്റൻ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാകും പേസർമാർ. ഓൾറൗണ്ടറായി ഷാർദൂൽ ഠാക്കൂറോ, രവിചന്ദ്രൻ അശ്വിനോ ടീമിലെത്തും. ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസിലൻഡിനെ 3-0ന് തകർത്താണ് ഇംഗ്ലണ്ട് വരുന്നത്. ഇന്ത്യക്കെതിരെ മികച്ച റെക്കോർഡുള്ള ജിമ്മി ആൻഡേഴ്സൻ ഇംഗ്ലണ്ട് ടീമിൽ തിരിച്ചെത്തും. ബെൻ സ്റ്റോക്സിനും ബ്രണ്ടൻ മക്കല്ലത്തിനും കീഴിൽ മിന്നുംഫോമിലുള്ള ഇംഗ്ലണ്ട് സ്വന്തം മണ്ണിൽ കടുത്ത വെല്ലുവിളിയാകും. എഡ്ജ്ബാസ്റ്റണിൽ ഇതുവരെ ഒരു ടെസ്റ്റ് മത്സരവും ജയിച്ചിട്ടില്ലെന്ന ചരിത്രവും ഇന്ത്യക്ക് തിരുത്തേണ്ടതുണ്ട്.

ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശർമ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ചേതേശ്വർ പുജാര, റിഷഭ് പന്ത്(വിക്കറ്റ് കീപ്പർ), കെ എസ് ഭരത്(വിക്കറ്റ് കീപ്പർ), രവീന്ദ്ര ജഡേജ. ആർ അശ്വിന്‍. ഷർദ്ദുല്‍ ഠാക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മായങ്ക് അഗർവാള്‍.

ENG vs IND : ഇംഗ്ലീഷ് പരീക്ഷ ജയിക്കാന്‍ ഇന്ത്യ; അഞ്ചാം ടെസ്റ്റ് ഇന്നുമുതല്‍, ജയിച്ചാല്‍ ചരിത്രം