അയർലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ടീമില്‍ നിന്ന് ഹൂഡയുടെ അപ്രതീക്ഷിത പുറത്താകല്‍
എഡ്‍ജ്‍ബാസ്റ്റണ്‍: മുതിർന്ന താരങ്ങള്‍ മടങ്ങിയെത്തുമ്പോള്‍ ഹോട്ട് ഫോമിലുള്ള താരം പുറത്താവുക. ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍(ENG vs IND 2nd T20I) വിരാട് കോലിയും റിഷഭ് പന്തും രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയും പ്ലേയിംഗ് ഇലവനിലേക്ക് മടങ്ങിയെത്തിയപ്പോള്‍ പുറത്താവുകയായിരുന്നു ദീപക് ഹൂഡ(Deepak Hooda). അയർലന്‍ഡിനെതിരായ ടി20 പരമ്പരയിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ടീമില്‍ നിന്ന് ഹൂഡയുടെ അപ്രതീക്ഷിത പുറത്താകല്‍. അതുകൊണ്ടുതന്നെ ആരാധകർ രൂക്ഷമായ ഭാഷയിലാണ് ഇതിനോട് പ്രതികരിച്ചത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ കളിച്ച നാല്‍വർ സംഘം ടി20 ടീമിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ദീപക് ഹൂഡയ്ക്ക് പുറമെ അക്സർ പട്ടേലും അർഷ്ദീപ് സിംഗും ഇഷാന്‍ കിഷനും പുറത്തായി. എഡ്‍ജ്ബാസ്റ്റണ്‍ ടി20യില്‍ വിരാട് കോലി പ്ലേയിംഗ് ഇലവനിലെത്തും എന്ന് ഉറപ്പായിരുന്നെങ്കിലും ഹൂഡ പുറത്താകുമെന്ന് ആരും ചിന്തിച്ചതല്ല. അയർലന്‍ഡിനെതിരായ പരമ്പരയില്‍ സെഞ്ചുറിയക്കം(57 പന്തില്‍ 104) ഹൂഡ രണ്ട് കളികളില്‍ 151.00 ശരാശരിയിലും 175.58 സ്ട്രൈക്ക് റേറ്റിലും 151 റണ്‍സ് നേടിയിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍ 17 പന്തില്‍ 33 റണ്‍സും സ്വന്തമാക്കി. അതിനാല്‍ തന്നെ എഡ്‍ജ്ബാസ്റ്റണില്‍ ഹൂഡ പുറത്തായത് ആരാധകർക്ക് അംഗീകരിക്കാന്‍ പറ്റിയില്ല.
ദീപക് ഹൂഡ പ്ലേയിംഗ് ഇലവനിന് പുറത്തായപ്പോള്‍ ഇന്ന് കളത്തിലിറങ്ങിയ വിരാട് കോലി മൂന്ന് പന്തില്‍ 1 റണ്‍സ് മാത്രമാണ് നേടിയത്. റിഷഭ് പന്ത് എന്നാല്‍ 15 പന്തില്‍ 26 റണ്‍സെടുത്തു. രോഹിത് ശർമ്മയ്ക്കൊപ്പം എഡ്‍ജ്‍ബാസ്റ്റണില്‍ റിഷഭായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. രോഹിത് 20 പന്തില്‍ 31 റണ്‍സ് നേടി. സൂര്യകുമാർ യാദവും(15), ഹാർദിക് പാണ്ഡ്യയും(12), ദിനേശ് കാർത്തിക്കും(12) തിളങ്ങാതിരുന്നപ്പോള്‍ രവീന്ദ്ര ജഡേജയുടെ ബാറ്റിംഗാണ്(29 പന്തില്‍ 46*) ഇന്ത്യയെ 20 ഓവറില്‍ 170-8 എന്ന സ്കോറിലെത്തിച്ചത്.
പൊരുതിയത് ജഡേജ മാത്രം;രണ്ടാം ടി20യില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 171 റണ്‍സ് വിജയലക്ഷ്യം
