എഡ്ജ്ബാസ്റ്റണില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ജഡേജ. ആദ്യദിവസം റിഷഭ് പന്ത് നേടിയതിന് പുറമെ വിരാട് കോലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരാണ് സെഞ്ചുറി നേടിയത്.

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ (ENGvIND) അവസാന ടെസ്റ്റില്‍ റിഷഭ് പന്തിന് പിന്നാലെ രവീന്ദ്ര ജഡേജയും (104) സെഞ്ചുറി നേടിയപ്പോള്‍ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ (Team India) 416 റണ്‍സ് നേടി. ജഡേജയുടെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയാണ് എഡ്ജ്ബാസ്റ്റണില്‍ പിറന്നത്. ഇതോടെ ചില നാഴികക്കല്ലുകളും ജഡേജ (Ravindra Jadeja) പിന്നിട്ടു. 

എഡ്ജ്ബാസ്റ്റണില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ജഡേജ. ആദ്യദിവസം റിഷഭ് പന്ത് നേടിയതിന് പുറമെ വിരാട് കോലി, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്നിവരാണ് സെഞ്ചുറി നേടിയത്. എവേ ഗ്രൗണ്ടില്‍ ജഡേജയുടെ ആദ്യ സെഞ്ചുറി കൂടിയാണിത്. ഇന്ത്യയുടെ രണ്ട് ഇടങ്കയ്യന്‍ ബാറ്റര്‍മാര്‍ ഒരു ഇന്നിംഗ്‌സില്‍ സെഞ്ചുറി നേടുന്നതും അപൂര്‍വമാണ്. 1998ല്‍ ന്യൂസിലന്‍ഡിനെതിരെ അഹമ്മദാബാദില്‍ സൗരവ് ഗാംഗുലിയും (125), സദഗോപന്‍ രമേഷും (110) സെഞ്ചുറി നേടിയിരുന്നു. 

ബ്രോഡിന്റെ ഒരോവറില്‍ 35 റണ്‍സ്! ബുമ്രയ്ക്ക് ലോക റെക്കോര്‍ഡ്; മറികടന്നത് ലാറ ഉള്‍പ്പെടെയുള്ള താരങ്ങളെ- വീഡിയോ

2007ല്‍ പാകിസ്ഥാനെതിരെ ബാംഗ്ലൂരില്‍ ഗാംഗുലിലും (239), യുവരാജ് സിംഗും (169) സെഞ്ചുറി. ഇപ്പോള്‍ ഇപ്പോള്‍ എഡ്ജ്ബാസ്റ്റണില്‍ റിഷഭ് പന്തും ജഡേജയും. ഏഴാം നമ്പറില്‍ ബാറ്റിംഗിനെത്തി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ രണ്ട് സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരം കൂടിയാണ് ജഡേജ. നേരത്തെ, കപില്‍ ദേവ് (1986), എം എസ് ധോണി (2009), ഹര്‍ഭജന്‍ സിംഗ് (2010) എന്നിവരും നേട്ടം കൈവരിച്ചിട്ടുണ്ട്.

ജഡേജ- പന്ത് സഖ്യം 222 റണ്‍സ് നേടിയിരുന്നു. ഏഴിന് 338 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. ഇന്ന് 78 റണ്‍സാണ് ഇന്ത്യന്‍ താരങ്ങള്‍ കൂട്ടിചേര്‍ത്തത്. 13 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ജഡേജയുടെ ഇന്നിംഗ്സ്. ജഡേജ സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ മുഹമ്മദ് ഷമി (16) മടങ്ങി. സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പന്തില്‍ പുറത്താവുകയായിരുന്നു താരം. അധികം വൈകാതെ ജഡേജയും പവലിയനില്‍ തിരിച്ചെത്തി. 

റിഷഭ് പന്തിന്റെ സെഞ്ചുറി ആഘോഷിച്ച് രാഹുല്‍ ദ്രാവിഡ്; ഇങ്ങനെ കണ്ടിട്ടില്ലെന്ന് ക്രിക്കറ്റ് ലോകം- വീഡിയോ വൈറല്‍

റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ജയിംസ് ആന്‍ഡേഴ്സണിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന ജസ്പ്രിത് ബുമ്ര (31), മുഹമ്മദ് സിറാജ് (2) സഖ്യമാണ് സ്‌കോര്‍ 400 കടത്തിയത്. ബ്രോഡിന്റെ ഒരു ഓവറില്‍ എക്സ്ട്രാ ഉള്‍പ്പെടെ 35 റണ്‍സാണ് പിറന്നത്. രണ്ട് സിക്സും മൂന്ന് ഫോറും ബുമ്ര അടിച്ചെടുത്തത്. അടുത്ത ഓവറില്‍ സിറാജ് പുറത്തായതോടെ ഇന്ത്യയുടെ ഇന്നിംഗ്സ് അവസാനിച്ചു.

മറുപടി ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ട് മഴയെ തുടര്‍ന്ന് കളി നിര്‍ത്തുമ്പോള്‍ ഒന്നിന് 16 എന്ന നിലയിലാണ്. അലക്‌സ് ലീസിന്റെ (6) വിക്കറ്റാണ് നഷ്ടമായത്. ജസ്പ്രിത് ബുമ്രയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. സാക് ക്രൗളി (7), ഒല്ലി പോപ് (0) എന്നിവരാണ് ക്രീസില്‍.