Asianet News MalayalamAsianet News Malayalam

റിഷഭ് പന്തിന്റെ സെഞ്ചുറി ആഘോഷിച്ച് രാഹുല്‍ ദ്രാവിഡ്; ഇങ്ങനെ കണ്ടിട്ടില്ലെന്ന് ക്രിക്കറ്റ് ലോകം- വീഡിയോ വൈറല്‍

ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. പന്ത് സെഞ്ചുറി നേടിയപ്പോള്‍ ഡ്രസ്സിങ് റൂമില്‍ നിന്നുയര്‍ന്ന പ്രതികരണമാണ് ഇപ്പോള്‍ വൈറലാവുന്നത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും (Rahul Dravid) മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പന്തിന്റെ സെഞ്ചുറി നന്നായിതന്നെ ആഘോഷിച്ചു.

Watch Viral Video Rahul Dravid celebrate Rishabh Pant Century against England
Author
Edgbaston, First Published Jul 2, 2022, 1:31 PM IST

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റില്‍ ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നത് റിഷഭ് പന്തിന്റെ (Rishabh Pant) പ്രകടനമാണ്. അഞ്ചിന് 98 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ പന്തിന്റെ സെഞ്ചുറിയാണ് രക്ഷിച്ചത്. ആറാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പം (Ravindra Jadeja) 222 റണ്‍സാണ് പന്ത് കൂട്ടിചേര്‍ത്തത്. അണ്‍ ഓര്‍ത്തഡോക്‌സ് ഷോട്ടുകളുമായി കളംനിറഞ്ഞ പന്ത് ഇംഗ്ലീഷ് ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചു. നാല് സിക്‌സും 20 ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്. 89 പന്തില്‍ താരം സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. 

ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്. പന്ത് സെഞ്ചുറി നേടിയപ്പോള്‍ ഡ്രസ്സിങ് റൂമില്‍ നിന്നുയര്‍ന്ന പ്രതികരണമാണ് ഇപ്പോള്‍ വൈറലാവുന്നത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡും (Rahul Dravid) മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും പന്തിന്റെ സെഞ്ചുറി നന്നായിതന്നെ ആഘോഷിച്ചു. ആ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വീഡിയോ കാണാം.. 

പന്ത് സെഞ്ചുറി പൂര്‍ത്തിയാക്കിയ പന്തില്‍ ഇരിപ്പിടത്തില്‍ നിന്നും ചാടിയെഴുന്നേറ്റ് രണ്ട് കൈകകളുമുയര്‍ത്തി ആഹ്ലാദം പങ്കിട്ടു. പിന്നില്‍ വിരാട് കോലി കയ്യടിക്കുന്നുണ്ടായിരുന്നു. പൊതുവേ ശാന്തനായ ദ്രാവിഡ് ഇത്രയധികം ആവേശത്തില്‍ അധികമാരും കണ്ടുകാണില്ല. ഒരുപക്ഷേ തകര്‍ച്ചയില്‍ നിന്നും ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതായിരിക്കാം ദ്രാവിഡിനെ ആവേശത്തിലാക്കിയത്. 

ടെസ്റ്റിലെ പന്തിന്റെ അഞ്ചാമത്തെ സെഞ്ചുറിയായിരുന്നു ഇത്. ഇതില്‍ നാലും ഓവര്‍സീസ് സാഹചര്യങ്ങളിലായിരുന്നു. 120 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ എഡ്ജ്ബാസ്റ്റണില്‍ 100ല്‍ താഴെ പന്തുകളില്‍ മൂന്നക്കം കടക്കുന്ന ആദ്യതാരമാണ് പന്ത്. സച്ചിന്‍ ടെണ്ടുല്‍ക്കറിനും വിരാട് കോലിക്കും ശേഷം ഇതേ മൈതാനത്ത് നൂറ് കടക്കുന്ന ഇന്ത്യന്‍ താരവും പന്ത് തന്നെ.

പന്ത് 2000 റണ്‍സ് ക്ലബ്ബിലും ഇടംപിടിച്ചു. 2000 റണ്‍സിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വിക്കറ്റ് കീപ്പറും റിഷഭ് പന്താണ്. ആകെ കളിച്ച 31ല്‍ 23ഉം വിദേശത്ത്. ഇംഗ്ലണ്ടില്‍ രണ്ടും ഓസ്‌ട്രേലിയ,ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ ഓരോ സെഞ്ച്വറികളും റിഷഭ് പന്തിന്റെ പേരിലുണ്ട്.

Follow Us:
Download App:
  • android
  • ios