ഇതിഹാസ ബാറ്റര്‍ സര്‍ അലിസ്റ്റര്‍ കുക്കിന് ശേഷം ടെസ്റ്റില്‍ 10000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ഇംഗ്ലണ്ട് താരമായി ജോ റൂട്ട് 

ലോര്‍ഡ്‌സ്: അടി, തിരിച്ചടി...ഒടുവില്‍ ക്ലാസ് ഫിനിഷിംഗ്! ആവേശം മഴമേഘങ്ങളെ തടഞ്ഞുനിര്‍ത്തിയ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍(England vs New Zealand 1st Test) ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റിന്‍റെ ഐതിഹാസിക ജയം സമ്മാനിച്ചത് മുന്‍ നായകന്‍ ജോ റൂട്ടിന്‍റെ(Joe Root) 26-ാം ടെസ്റ്റ് സെഞ്ചുറിയാണ്. ഇതിനൊപ്പം ചരിത്രത്തില്‍ ഇടംപിടിക്കാനും മത്സരത്തില്‍ റൂട്ടിനായി. ഇതിഹാസ ബാറ്റര്‍ സര്‍ അലിസ്റ്റര്‍ കുക്കിന്(Alastair Cook) ശേഷം ടെസ്റ്റില്‍ 10000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ഇംഗ്ലണ്ട് താരമെന്ന നേട്ടം റൂട്ട് ലോര്‍ഡ്‌സിലെ തേരോട്ടത്തില്‍ പേരിലെഴുതി. 

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം ഇംഗ്ലണ്ടിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ 76-ാം ഓവറിലെ ആറാം പന്തില്‍ ടിം സൗത്തിയെ ഡീപ് സ്‌ക്വയറിലൂടെ രണ്ട് റണ്‍സ് നേടിയാണ് ജോ റൂട്ട് 26-ാം ടെസ്റ്റ് ശതകത്തിലെത്തിയത്. ഇതിനൊപ്പം എലൈറ്റ് പതിനായിരം ക്ലബില്‍ അംഗത്വം നേടുകയും ചെയ്യുകയായിരുന്നു ഇംഗ്ലീഷ് മുന്‍ നായകന്‍. ടെസ്റ്റില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കുന്ന 14-ാം ബാറ്ററാണ് റൂട്ട്. രണ്ടാമത്തെ മാത്രം ഇംഗ്ലീഷ് താരവും. 118-ാം ടെസ്റ്റ് മത്സരത്തിലാണ് റൂട്ടിന്‍റെ നേട്ടം. പതിനായിരം ക്ലബിലുള്ള താരങ്ങളില്‍ 161 ടെസ്റ്റ് മത്സരങ്ങളില്‍ 12472 റണ്‍സ് നേടിയ അലിസ്റ്റര്‍ കുക്ക് മാത്രമേ ഇംഗ്ലീഷ് ടീമിനായി കളിച്ചവരില്‍ ജോ റൂട്ടിന് മുന്നിലുള്ളൂ. 

Scroll to load tweet…

ടെസ്റ്റില്‍ 2017ന് ശേഷം ഇതാദ്യമായാണ് ഒരു താരം പതിനായിരം റണ്‍സ് പൂര്‍ത്തിയാക്കുന്നത്. പാകിസ്ഥാന്‍റെ യൂനിസ് ഖാനായിരുന്നു അവസാനം എലൈറ്റ് പട്ടികയിലെത്തിയ താരം. ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗാവസ്‌കറായിരുന്നു ടെസ്റ്റില്‍ 10000 റണ്‍സ് കണ്ടെത്തിയ ആദ്യ താരം. 1987ലായിരുന്നു ഇത്. ഇതിന് ശേഷം അലന്‍ ബോര്‍ഡര്‍, സ്റ്റീവ് വോ, ബ്രയാന്‍ ലാറ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, റിക്കി പോണ്ടിംഗ്, ജാക്ക് കാലിസ്, മഹേള ജയവര്‍ധനെ, ശിവ്‌നരേന്‍ ചന്ദര്‍പോള്‍, കുമാര്‍ സംഗക്കാര, അലിസ്റ്റര്‍ കുക്ക്, യൂനിസ് ഖാന്‍ എന്നിവരും റൂട്ടിന് മുന്‍ഗാമികളായി പട്ടികയില്‍ ഇടംപിടിച്ചു. 

ആവേശം ആളിയ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ജോ റൂട്ടിന്‍റെ ക്ലാസ് സെഞ്ചുറിയുടെ കരുത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ 277 റണ്‍സ് വിജയലക്ഷ്യം നാലാം ദിനം ആദ്യ സെഷനില്‍ തന്നെ 78.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. റൂട്ട് 170 പന്തില്‍ 115*ഉം ഫോക്‌സ് 92 പന്തില്‍ 32*ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Scroll to load tweet…

ജോറായി ജോ റൂട്ട്! സെഞ്ചുറി, 10000 ക്ലബില്‍; അടിക്കും തിരിച്ചടിക്കുമൊടുവില്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന് ജയം