ലോര്‍ഡ് ടെസ്റ്റില്‍ ജോ റൂട്ടുമായി വിജയ പാര്‍ട്‌ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയിരുന്നു ബെന്‍ ഫോക്‌സ്

ലണ്ടന്‍: ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍(World Best Wicketkeeper) ബെന്‍ ഫോക്‌സ്(Ben Foakes) എന്ന് ഇംഗ്ലീഷ് ടെസ്റ്റ് നായകന്‍ ബെന്‍ സ്റ്റോക്‌സ്(Ben Stokes). ന്യൂസിലന്‍ഡിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍(ENG vs NZ 1st Test) ബാറ്റിംഗില്‍ നിര്‍ണായക കൂട്ടുകെട്ടും വിക്കറ്റിന് പിന്നില്‍ മികച്ച ക്യാച്ചുകളുമായി ഫോക്‌സ് തിളങ്ങിയതിന് പിന്നാലെയാണ് സ്റ്റോക്‌സിന്‍റെ പ്രശംസ. 

'ബെന്‍ ഫോക്‌സ് ലോകത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ്. ഇത് എന്‍റെ മാത്രം അഭിപ്രായമല്ല. ഏറെപ്പേര്‍ ഇങ്ങനെ വിലയിരുത്തുന്നുണ്ട്. കൗണ്ടിയില്‍ സറേയ്‌ക്കായി കളിക്കുന്നതില്‍ നിന്ന് വ്യത്യസ്‌തമായി ഏഴാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിന്‍റെ അവസാന മണിക്കൂറുകളില്‍ ഫോക്‌സ് വളരെ നന്നായി കളിച്ചു. വിക്കറ്റിന് പിന്നില്‍ അദേഹമുള്ളത് എനിക്ക് ഏറെ ആത്മവിശ്വാസമാണ്. ബൗളര്‍മാര്‍ക്കും ആത്മവിശ്വാസമാണ്' എന്നും സ്റ്റോക്‌സ് പറഞ്ഞു. 

29കാരനായ ബെന്‍ ഫോക്‌സ് 12 ടെസ്റ്റുകളില്‍ 545 റണ്‍സാണ് ഇതുവരെ നേടിയത്. ഒരു സെഞ്ചുറിയാണ് താരത്തിന്‍റെ പേരിലുള്ളത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ മുന്‍ നായകന്‍ ജോ റൂട്ടുമായി പുറത്താവാതെ വിജയ പാര്‍ട്‌ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയിരുന്നു ബെന്‍ ഫോക്‌സ്. 

ആവേശം ആളിയ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ജോ റൂട്ടിന്‍റെ ക്ലാസ് സെഞ്ചുറിയുടെ കരുത്തില്‍ ന്യൂസിലന്‍ഡിനെതിരെ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കുകയായിരുന്നു. പരമ്പരയിലെ ഒന്നാം ടെസ്റ്റില്‍ 277 റണ്‍സ് വിജയലക്ഷ്യം നാലാം ദിനം ആദ്യ സെഷനില്‍ തന്നെ 78.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ഇംഗ്ലണ്ട് സ്വന്തമാക്കുകയായിരുന്നു. റൂട്ട് 170 പന്തില്‍ 115*ഉം ഫോക്‌സ് 92 പന്തില്‍ 32*ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 

മധുര 'പതിനായിരം', ചരിത്രമെഴുതി ജോ റൂട്ട്; അലിസ്റ്റര്‍ കുക്കിന് ശേഷം ആദ്യം