സതാംപ്റ്റന്‍: പാകിസ്താനെതിരായ രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് 12 റണ്‍സ് ജയം. കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരവെ പാക്കിസ്ഥാനായി ഓപ്പണര്‍ ഫഖര്‍ സമാന്‍ 106 പന്തില്‍ 138 റൺസെടുത്തു. ബാബര്‍ അസമും അസിഫ് അലിയും 51 റൺസ് നേടി പുറത്തായി. 41 റണ്‍സെടുത്ത ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദ് പൊരുതിയെങ്കിലും പാക്കിസ്ഥാന് ജയിക്കാനായില്ല.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി ക്രീസിലെത്തിയവരെല്ലാം തിളങ്ങിയപ്പോള്‍ സ്കോര്‍ 373 റൺസിലെത്തി. 55 പന്തില്‍ പുറത്താകാതെ 110 റൺസെടുത്ത ജോസ് ബട്‍‍ലര്‍ ആണ് ടോപ്സ്കോറര്‍. 50 പന്തില്‍ സെഞ്ചുറി തികച്ച ബട്‍‍ലര്‍ ഒന്‍പത് സിക്സറും 6 ഫോറും നേടി. 48 പന്തില്‍ 71 റൺസെടുത്ത നായകന്‍ ഓയിന്‍ മോര്‍ഗന്‍, ബട്‍ലറിന് മികച്ച പിന്തുണ നൽകി.

ജേസൺ റോയി 87 റണ്‍സും ജോണി ബെയര്‍സ്റ്റോ 51 റണ്‍സും ജോ റൂട്ട് 40 റൺസുമെടുത്ത് പുറത്തായി.