ഇതിഹാസ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസിനെ പുറത്താക്കാന്‍ എസ് ശ്രീശാന്ത് എറിഞ്ഞ പന്തിനെ ഓര്‍മ്മിപ്പിക്കുന്നതായി ബെന്‍ സ്റ്റോക്‌സിന്‍റെ ഈ ബോള്‍

ലോര്‍ഡ്‌സ്: സാക്ഷാല്‍ ജാക്ക് കാലിസിനെ വിറപ്പിച്ച എസ് ശ്രീശാന്തിന്‍റെ ബൗണ്‍സര്‍! ക്രിക്കറ്റ് പ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ വിസ്‌മയ പന്ത് പോലൊന്ന് എറി‌ഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ആദ്യ ടെസ്റ്റില്‍ ഓപ്പണര്‍ സാറെല്‍ എര്‍വീയെ പുറത്താക്കാനാണ് സ്റ്റോക്‌സ് തകര്‍പ്പന്‍ ബൗണ്‍സര്‍ എറിഞ്ഞത്. 

ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്‌സിലെ 55-ാം ഓവറിലായിരുന്നു ഈ വണ്ടര്‍ ബോള്‍. രണ്ടാം പന്തില്‍ സ്റ്റോക്‌സിന്‍റെ ബൗണ്‍സറില്‍ ഉയര്‍ന്നുചാടി ഒഴിഞ്ഞുമാറാന്‍ സാറെല്‍ എര്‍വീ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പന്ത് ഗ്ലൗസില്‍ ഉരസി വിക്കറ്റിന് പിന്നില്‍ ബെന്‍ ഫോക്‌സിന്‍റെ കൈകളില്‍ ഭദ്രമായി. 146 പന്തില്‍ ആറ് ബൗണ്ടറികളുടെ സഹായത്തോടെ 73 റണ്‍സെടുത്ത സാറെലിന്‍റെ മികച്ച ഇന്നിംഗ്‌സിനാണ് ഇതോടെ വിരമാമായത്. റാസ്സീ വാന്‍ഡെര്‍ ഡസ്സന്‍, കേശവ് മഹാരാജ് എന്നിവരേയും ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സില്‍ ബെന്‍ സ്റ്റോക്‌സ് പുറത്താക്കി. 

Scroll to load tweet…

അന്ന് ശ്രീ

2006ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു ക്രിക്കറ്റ് ലോകം കണ്ണുതള്ളിയ പന്തിന്‍റെ പിറവി. ക്രിക്കറ്റ് ചരിത്രത്തിലെ മഹാനായ താരങ്ങളിലൊരാളായ ജാക്ക് കാലിസിനെ അപ്രതീക്ഷിത ബൗണ്‍സറില്‍ പറഞ്ഞയക്കുകയായിരുന്നു ശ്രീശാന്ത്. മലയാളി താരത്തിന്‍റെ 136.5 കിലോമീറ്റര്‍ വേഗത്തില്‍ വന്ന അപ്രതീക്ഷിത ബൗണ്‍സറില്‍ ഒഴിഞ്ഞുമാറാന്‍ കാലിസ് പരമാവധി ശ്രമിച്ചെങ്കിലും പന്ത് ഗ്ലൗസിലും നെഞ്ചിലുമിരസി വീരേന്ദര്‍ സെവാഗിന്‍റെ കൈകളില്‍ അവസാനിച്ചു. 52 പന്തില്‍ 17 റണ്‍സ് മാത്രമേ കാലിസ് നേടിയുള്ളൂ.

Sreesanth devastating bouncer to Kallis

മികച്ച ലീഡിലേക്ക് പ്രോട്ടീസ് 

ഇംഗ്ലണ്ടിനെതിരായ ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക മികച്ച ലീഡിലേക്ക് നീങ്ങുകയാണ്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 165 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തിട്ടുണ്ട്. 41 റണ്‍സുമായി മാര്‍ക്കോ ജാന്‍സണും മൂന്ന് റണ്‍സോടെ കാഗിസോ റബാഡയുമാണ് ക്രീസില്‍. മൂന്ന് വിക്കറ്റ് ശേഷിക്കെ ദക്ഷിണാഫ്രിക്കക്ക് ഇപ്പോള്‍ 124 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. നേരത്തെ, അഞ്ച് വിക്കറ്റെടുത്ത കാഗിസോ റബാഡയും മൂന്ന് വിക്കറ്റെടുത്ത ആന്‍റിച്ച് നോര്‍ക്യയും രണ്ട് വിക്കറ്റെടുത്ത മാര്‍ക്കോ ജാന്‍സണുമാണ് ഇംഗ്ലണ്ടിനെ 165ല്‍ എറിഞ്ഞൊതുക്കിയത്.

ലോര്‍ഡ്സ് ടെസ്റ്റ് : റബാഡ ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു, ദക്ഷിണാഫ്രിക്കക്ക് മികച്ച ലീഡ്