സെഞ്ചൂറിയന്‍: ടെസ്റ്റ് ക്രിക്കറ്റിന്റെ 142 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി അപൂര്‍വനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിക്കാനിറങ്ങിയതോടെ വിദേശത്ത് 500 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ ടീമെന്ന നേട്ടമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

1877  മാര്‍ച്ച് 15നാണ് ഇംഗ്ലണ്ടും ഓസ്ട്രേലിയയും ആദ്യ ടെസ്റ്റ് മത്സരം അരങ്ങേറിയത്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിന് മുമ്പ് ആകെ 1020 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഇംഗ്ലണ്ട് തന്നെയാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ടീമും. ആകെ കളിച്ച മത്സരങ്ങളില്‍ 369 ജയവും 304 തോല്‍വിയും 347 സമനിലകളും സ്വന്തമാക്കിയിട്ടുള്ള ഇംഗ്ലണ്ട് വിദേശത്ത് കളിച്ച 500 ടെസ്റ്റുകളില്‍ 149 എണ്ണത്തില്‍ ജയിച്ചപ്പോള്‍ 182 എണ്ണത്തില്‍ തോറ്റു.

വിദേശത്ത് കളിച്ചതില്‍ 83 ടെസ്റ്റുകള്‍ കളിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. ഇതില്‍ 32 ജയവും 20 തോല്‍വിയും 31 തോല്‍വിയുമാണ് ഇംഗ്ലണ്ടിന്റെ പേരിലുള്ളത്. 830 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള ഓസ്ട്രേലിയ ആണ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് കളിച്ചിട്ടുള്ള രണ്ടാമത്തെ ടീം. 533 ടെസ്റ്റുകളാണ് ഇന്ത്യ ഇതുവരെ കളിച്ചത്. പരിക്കേറ്റ ജെയിംസ് ആന്‍ഡേഴ്സണ് പകരം മാര്‍ക് വുഡിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിനിറങ്ങിയത്. പരിക്ക് മൂലം രണ്ടാം ടെസ്റ്റില്‍ കളിക്കാതിരുന്ന ജോഫ്ര ആര്‍ച്ചറും മൂന്നാം ടെസ്റ്റിനില്ല.