ലണ്ടന്‍: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 294 റണ്‍സിന് പുറത്ത്. പേസര്‍മാരായ മിച്ചല്‍ മാര്‍ഷിന്റെയും പാറ്റ് കമ്മിന്‍സിന്റേയും പ്രകടനാണ് ഓസ്‌ട്രേലിയക്ക് തുണയായത്. മാര്‍ഷ് അഞ്ചും കമ്മിന്‍സ് മൂന്നും വിക്കറ്റ് വീഴ്ത്തി. 70 റണ്‍സ് നേടിയ ജോസ് ബട്‌ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ജോ റൂട്ട് (57), റോറി ബേണ്‍സ് (47) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 

ജോ ഡെന്‍ലി (14), ബെന്‍ സ്റ്റോക്സ് (20), ജോണി ബെയര്‍സ്റ്റോ (22), സാം കറന്‍ (15), ക്രിസ് വോക്സ് (2), ജോഫ്ര ആര്‍ച്ചര്‍ (9), ജാക്ക് ലീച്ച് (21) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സ്റ്റുവര്‍ട്ട് ബ്രോഡ് (0) പുറത്താവാതെ നിന്നു. മൂന്നാം വിക്കറ്റില്‍ ബേണ്‍സ്- റൂട്ട് സഖ്യം കൂട്ടിച്ചേര്‍ത്ത 76 റണ്‍സാണ് ഇംഗ്ലണ്ടിന് തുണയായത്. 

എന്നാല്‍ ബേണ്‍സ് മടങ്ങിയതോടെ കൃത്യമായ ഇടവേളകളില്‍ ഇംഗ്ലണ്ടിന് വിക്കറ്റ് നഷ്ടമായി. മാര്‍ഷ് മധ്യനിരയുടെ മുനയൊടിച്ചതോടെ ഇംഗ്ലണ്ട് രണ്ടിന് 103ന് എന്ന നിലയില്‍ നിന്ന് എട്ടിന് 226 എന്ന സ്‌കോറിലേക്ക് വീണു. പിന്നീട് ബട്ലര്‍- ലീച്ച് കൂട്ടിച്ചേര്‍ത്ത 68 റണ്‍സാണ് ആതിഥേയരെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. മാര്‍ഷിനും കമ്മിന്‍സിനും പുറമെ ജോഷ് ഹേസല്‍വുഡ് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.