ചൊവ്വാഴ്ച്ച ആരംഭിക്കുന്ന പരമ്പരയ്ക്ക് 14 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. താരം ഉടനെ നാട്ടിലേക്ക് മടങ്ങുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.

ലണ്ടന്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് പേസര്‍ ജോഫ്ര ആര്‍ച്ചറെ ഒഴിവാക്കി. വലത് കയ്യിലേറ്റ പരിക്കിനെ തുടര്‍ന്നാണ് താരത്തിന് വിശ്രമം അനുവദിച്ചത്. ചൊവ്വാഴ്ച്ച ആരംഭിക്കുന്ന പരമ്പരയ്ക്ക് 14 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. താരം ഉടനെ നാട്ടിലേക്ക് മടങ്ങുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഇതോടൊപ്പം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടക്കത്തിലെ കുറച്ച് മത്സരങ്ങളും ആര്‍ച്ചര്‍ക്ക് നഷ്ടമാകുമെന്ന് ഇസിബി പ്രസ്താവനയില്‍ വ്യക്തമാക്കി.

ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടിനേയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബെന്‍ സ്‌റ്റോക്‌സ്, ജേസണ്‍ റോയ്, ആദില്‍ റഷീദ് എന്നിവര്‍ ടീമിനൊപ്പമുണ്ട്. ജേക്ക് ബാള്‍, ക്രിസ് ജോര്‍ദാന്‍, ഡേവിഡ് മലാന്‍ എന്നിവരെ റിസര്‍വ് താരങ്ങളായും ടീമിനൊപ്പം നിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 23, 26, 28 തിയ്യതികളില്‍ പൂനെയിലാണ് മത്സരം. 

ഇംഗ്ലണ്ട് ടീം: ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോണി ബെയര്‍സ്‌റ്റോ, സാം ബില്ലിംഗ്‌സ്, ജോസ് ബട്‌ലര്‍, സാം കറന്‍, ടോം കറന്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, മാറ്റ് പാര്‍ക്കിന്‍സണ്‍, ആദില്‍ റഷീദ്, ജേസണ്‍ റോയ്, ബെന്‍ സ്‌റ്റോക്‌സ്, റീസെ ടോപ്‌ലി, മാര്‍ക്ക് വുഡ്.