ലണ്ടന്‍: ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള 16 അംഗ ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ബെന്‍ സ്റ്റോക്‌സും ജോഫ്ര ആര്‍ച്ചറും ടീമില്‍ തിരിച്ചെത്തി. കൊവിഡ് മുക്തനായ മൊയിന്‍ അലിയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആദ്യ ടെസ്റ്റിന് ശേഷം ജോസ് ബട്‌ലര്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങും. ഓസ്‌ട്രേലിയയിലെ ഐതിഹാസിക ജയത്തിന് ശേഷം ടീം ഇന്ത്യയുടെ അടുത്ത എതിരാളികളാണ് ഇംഗ്ലണ്ടാണ്. നാല് ടെസ്റ്റും അഞ്ച് ട്വന്റി 20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി അഞ്ചിന് പരമ്പരയ്ക്ക് തുടക്കമാവും. 

ജോ റൂട്ട് നയിക്കുന്ന ടീമില്‍ ജോസ് ബട്‌ലര്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ക്രിസ് വോക്‌സ് തുടങ്ങിയവരുമുണ്ട്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബെന്‍ സ്റ്റോക്‌സും ജോഫ്ര ആര്‍ച്ചറും ഇന്ത്യക്കെതിരായ ടീമില്‍ ഇടംപിടിച്ചു. ഭാര്യയുടെ പ്രസവത്തിനായി വിട്ടുനിന്ന റോറി ബേണ്‍സും ടീമിലുണ്ട്. ലങ്കന്‍ പര്യടനത്തിനിടെ കൊവിഡ് സ്ഥിരീകരിച്ച മൊയിന്‍ അലിയെയും ഉള്‍പ്പെടുത്തി. ജനിതക മാറ്റം വന്ന കൊറോണ വൈറസായിരുന്നു മൊയിന്‍ അലിക്ക് ബാധിച്ചത്. 

കൊവിഡ് മുക്തനായ മൊയിന്‍ അലി ശ്രീലങ്കയിലെ ഹോട്ടലില്‍ വിശ്രമത്തിലാണിപ്പോള്‍. അതേസമയം ജോണി ബെയര്‍‌സ്റ്റോ, സാം കറന്‍, മാര്‍ക്ക് വുഡ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഓസ്‌ട്രേലിയന്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ഇന്ത്യന്‍ താരങ്ങളിപ്പോള്‍ വീടുകളിലാണ്. അടുത്ത ചൊവ്വാഴ്ച വീണ്ടും ഒത്തുചേരും. ഏഴ് ദിവസത്തെ നിരീക്ഷണ കാലാവധിക്ക് ശേഷം ഫെബ്രുവരി രണ്ടിന് പരിശീലനം തുടങ്ങും. ചെന്നൈയിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുക.

ഇംഗ്ലണ്ട് ടീം: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രൗളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്‌സ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്.