Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിന്റെ രണ്ടാംനിരയോടും പാകിസ്ഥാന് പിടിച്ചുനില്‍ക്കാനായില്ല; ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 35.2 ഓവറില്‍ 141 പുറത്തായി. നാല് വിക്കറ്റ് നേടിയ സാക്വിബ് മഹ്‌മൂദാണ് സന്ദര്‍ശകരെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 21.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

England beat Pakistan by Nine Wicket in First ODI
Author
Cardiff, First Published Jul 8, 2021, 10:57 PM IST

കാര്‍ഡിഫ്: പാകിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന് ഒമ്പത് വിക്കറ്റ് ജയം. ടീമിലുണ്ടായ കൊവിഡ് ബാധയെ തുടര്‍ന്ന് രണ്ടാംനിര ടീമുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ഇതില്‍ നാല് താരങ്ങള്‍ ആദ്യ ഏകദിനം കളിക്കുന്നവരാണ്. എന്നിട്ടും പാകിസ്ഥാന് പിടിച്ചുനില്‍ക്കാനായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ 35.2 ഓവറില്‍ 141 പുറത്തായി. നാല് വിക്കറ്റ് നേടിയ സാക്വിബ് മഹ്‌മൂദാണ് സന്ദര്‍ശകരെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 21.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. സാക്വിബാണ് മാന്‍ ഓഫ് ദ മാച്ച്. 

ഏഴ് റണ്‍സ് നേടിയ ഫിലിപ് സാള്‍ട്ടിന്റെ വിക്കറ്റ് മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഷഹീന്‍ അഫ്രീദിക്കായിരുന്നു വിക്കറ്റ്. പിന്നീട് ക്രീസില്‍ ഒത്തുച്ചേര്‍ന്ന ഡേവിഡ് മലാന്‍ (68), സാക് ക്രൗളി (58) സഖ്യം ഇംഗ്ലണ്ടിനെ അനായാസം വിജയത്തിലേക്ക് നയിച്ചു. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു മലാന്റെ ഇന്നിങ്‌സ്. ക്രൗളി ഏഴ് ബൗണ്ടറികള്‍ നേടി.

England beat Pakistan by Nine Wicket in First ODI

നേരത്തെ 47 റണ്‍സ് നേടിയ ഫഖര്‍ സമാനാണ് പാക് നിരയില്‍ തിളങ്ങിയത്. ഇമാം ഉള്‍ ഹഖ് (0), ബാബര്‍ അസം (0), മുഹമ്മദ് റിസ്‌വാന്‍ (13), അരങ്ങേറ്റക്കാന്‍ സൗദ് ഷക്കീല്‍ (5), ഷൊയ്ബ് മക്‌സൂദ് (19), ഷദാബ് ഖാന്‍ (30), ഫഹീം അഷ്‌റഫ് (5), ഹാസന്‍ അലി (6), ഷഹീന്‍ അഫ്രീദി (12) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഹാരിസ് റൗഫ് (0) പുറത്താവാതെ നിന്നു. സാക്വിബിന് പുറമെ ക്രെയ്ഗ്, മാത്യു പാര്‍ക്കിന്‍സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ലൂയിസ് ഗ്രിഗോറി ഒരു വിക്കറ്റ് വീഴ്ത്തി.

ഒമ്പത് പുതുമുഖ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ഇംഗ്ലണ്ട് പാകിസ്ഥാനെതിരായ ഏകദിന ടീമിനെ പ്രഖ്യാപിച്ചിരുന്നത്. മൂന്ന് താരങ്ങള്‍ ഉള്‍പ്പെടെ ഇംഗ്ലീഷ് ടീമിനൊപ്പമുള്ള ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന തുടര്‍ന്നാണ് സെലക്റ്റര്‍മാര്‍ക്ക് മറ്റൊരു സ്‌ക്വാഡ് പ്രഖ്യാപിക്കേണ്ടിവന്നത്. ആദ്യം പ്രഖ്യാപിച്ച ടീമില്‍ ഓയിന്‍ മോര്‍ഗനായിരുന്നു ക്യാപ്റ്റന്‍. എന്നാലിപ്പോള്‍ ബെന്‍ സ്റ്റോക്സാണ് ടീമിനെ നയിക്കുന്നത്. 

യുകെ സര്‍ക്കാരിന്റെ മാനദണ്ഡ പ്രകാരം കൊവിഡ് സ്ഥിരീകരിച്ച കളിക്കാരെ ഐസൊലേഷനില്‍ വിടുമെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ടീം അംഗങ്ങളും ക്വാറന്റീനില്‍ കഴിയണമെന്നാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios