Asianet News MalayalamAsianet News Malayalam

ലങ്ക ചാടി ഇംഗ്ലണ്ട് സെമിയില്‍; ഓസ്ട്രേലിയ സെമി കാണാതെ പുറത്ത്

ഇംഗ്ലണ്ട് ജയിച്ചതോടെ നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയ സെമി കാണാതെ പുറത്തായി. ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനും ഏഴ് പോയന്‍റ് വീതമാണെങ്കിലും മോശം നെറ്റ് റണ്‍റേറ്റാണ് ഓസീസിനെ ചതിച്ചത്.

England beat Sri Lanka by 4 wickets to reach Semis, Australia fail to qualify
Author
First Published Nov 5, 2022, 4:57 PM IST

സിഡ്നി: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നിലെ രണ്ടാം സെമി ഫൈനലിസ്റ്റിനെ നിര്‍ണയിക്കാനുള്ള സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലക്കെതിരെ ഇംഗ്ലണ്ടിന് നാലു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് ലങ്ക ഉയര്‍ത്തിയ 142 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓപ്പണര്‍ അലക്സ് ഹെയില്‍സും(30 പന്തില്‍ 47), ക്യാപ്റ്റന്‍ ജോസ് ബട്‌ലറും(23 പന്തില്‍ 28) നല്‍കിയ തകര്‍പ്പന്‍ തുടക്കത്തിന്‍റെയും ബെന്‍ സ്റ്റോക്സിന്‍റെ(36 പന്തില്‍ 44*) പോരാട്ടത്തിന്‍റെയും കരുത്തിലാണ് ഇംഗ്ലണ്ട് അനായാസം ലക്ഷ്യത്തിലെത്തിയത്.

ഇംഗ്ലണ്ട് ജയിച്ചതോടെ നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയ സെമി കാണാതെ പുറത്തായി. ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ന്യൂസിലന്‍ഡിനും ഏഴ് പോയന്‍റ് വീതമാണെങ്കിലും മോശം നെറ്റ് റണ്‍റേറ്റാണ് ഓസീസിനെ ചതിച്ചത്. ഇംഗ്ലണ്ട് നേരിയ ജയം സ്വന്തമാക്കിയതോടെ മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ കരുത്തില്‍ ന്യൂസിലന്‍ഡ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. സ്കോര്‍ ശ്രീലങ്ക 20 ഓവറില്‍ 141-8, ഇംഗ്ലണ്ട് 19.4 ഓവറില്‍ 144-6.

തകര്‍പ്പന്‍ തുടക്കം, പിന്നെ കൂട്ടത്തകര്‍ച്ച

ലങ്കന്‍ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇംഗ്ലണ്ടിനായി ഓപ്പണര്‍മാരായ അലക്സ് ഹെയില്‍സും ജോസ് ബട്‌ലറും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 7.2 ഓവറില്‍ 75 റണ്‍സടിച്ച് വെടിക്കെട്ട് തുടക്കമിട്ടു. ബട്‌ലറെയും(23 പന്തില്‍ 28), അലക്സ് ഹെയില്‍സിനെയും(30 പന്തില്‍ 47) ഹസരങ്കയും ഹാരി ബ്രൂക്കിനെ(4) ധനഞ്ജയ ഡിസില്‍വയും വീഴ്ത്തി. പിന്നാലെ ലിയാം ലിവിംഗ്‌സ്റ്റണും(4), മൊയീന്‍ അലിയും(1) പെട്ടെന്ന് മടങ്ങിയത് ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കി. അവസാന രണ്ടോവറില്‍ 13ഉം അവസാന ഓവറില്‍ അഞ്ചു റണ്‍സായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. വിജയത്തിനരികെ സാം കറനും(6) മടങ്ങിയെങ്കലും ബെന്‍ സ്റ്റോക്സിന്‍റെയും പോരാട്ടം അവരെ വിജയവര കടത്തി. ക്രിസ് വോക്സ്(5*)വിജയത്തില്‍ സ്റ്റോക്സിന് കൂട്ടായി.

തിരിച്ചെത്തുമോ റിഷഭ് പന്തും ചാഹലും, സിംബാബ്‌വെക്കെതിരായ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

നേരത്തെ ടോസ് നേടി ക്രീസിലിറങ്ങിയ ശ്രീലങ്ക ഓപ്പണര്‍ പാതും നിസങ്കയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെ മികവില്‍ തകര്‍ത്തടിച്ച് തുടങ്ങിയെങ്കിലും അവസാന ഓവറുകളില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ എറിഞ്ഞുപിടിക്കുകയായിരുന്നു. 45 പന്തില്‍ 67 റണ്‍സെടുത്ത പാതും നിസങ്കയും 22 റണ്‍സെടുത്ത ഭാനുക രജപക്സെയും 18 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസും മാത്രമെ ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റെടുത്തു.

പവര്‍ പ്ലേ പിന്നിടുമ്പോള്‍ ലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെടുത്തിരുന്നു. പത്തോവറില്‍ 80 റണ്‍സടിച്ച ലങ്കക്ക് അവസാന പത്തോവറില്‍ 61 റണ്‍സെ കൂട്ടിച്ചേര്‍ക്കാനായുള്ളു. അസലങ്ക(8) നിരാശപ്പെടുത്തിയപ്പോള്‍ 33 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച നിസങ്ക(67) മാത്രമെ പൊരുതിയുള്ളു. 13-ാം ഓവറില്‍ ലങ്ക 100ഉം 15 ഓവറില്‍ 116ലും എത്തിയ ലങ്കയെ അവസാന ഓവറുകളില്‍ സാം കറനും ആദില്‍ റഷീദും മാര്‍ക്ക് വുഡും ചേര്‍ന്ന് വരിഞ്ഞു കെട്ടി. ഇതോടെ അവസാന അഞ്ചോവറില്‍ ലങ്കക്ക് 26 റണ്‍സെ നേടാനായുള്ളു. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് 26 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത് തിളങ്ങി.

Follow Us:
Download App:
  • android
  • ios