Asianet News MalayalamAsianet News Malayalam

ബര്‍മിംഗ്ഹാം ടെസ്റ്റ്: രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് തകര്‍ന്നു; ന്യൂസിലന്‍ഡ് വിജയത്തിനരികെ

രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് കിവീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒമ്പതിന് 122 എന്ന നിലയിലാണ് ഇംഗ്ലണ്ട്.

England collapsed against New Zealand in second Test
Author
Birmingham, First Published Jun 13, 2021, 12:00 AM IST

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് വിജയത്തിനരികെ. ഒന്നാം ഇന്നിങ്‌സില്‍ 85 റണ്‍സിന്റെ ലീഡാണ് ന്യൂസിലന്‍ഡ് നേടിയിരുന്നത്. പിന്നാലെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് കിവീസ് ബൗളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഒമ്പതിന് 122 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 37 റണ്‍സിന്റെ ലീഡ് മാത്രമാണ് ആതിഥേയര്‍ക്കുള്ളത്. 

മാര്‍ക് വുഡ് (29), ഒല്ലി പോപ് (23) എന്നിവര്‍ മാത്രമാണ് അല്‍പമെങ്കിലും ചെറുത്തുനിന്നത്. റോറി ബേണ്‍സ് (0), ഡൊമിനിക് സിബ്ലി (8), സാക് ക്രൗളി (17), ജോ റൂട്ട് (11), ഡാനിയേല്‍ ലോറന്‍സ് (0), ജയിംസ് ബ്രേസി (8), സ്റ്റുവര്‍ട്ട് ബ്രോഡ് (0) എന്നിവരാണ് ുപുറത്തായ മറ്റുതാരങ്ങള്‍. സ്റ്റംപടുക്കുമ്പോള്‍ ഒല്ലി സ്‌റ്റോണ്‍ (15), ജയിംസ് ആന്‍ഡേഴ്‌സണ്‍ (0) എന്നിവരായിരുന്നു ക്രീസില്‍. നീല്‍ വാഗ്നനര്‍, മാറ്റ് ഹെന്റി എന്നിവര്‍ കിവീസിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അജാസ് പട്ടേലിന് രണ്ടും ട്രന്റ് ബോള്‍ട്ടിന് ഒരു വിക്കറ്റുമുണ്ട്.

നേരത്തെ ന്യസിലന്‍ഡ് 85 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് നേടിയത്. ബര്‍മിംഗ്ഹാമില്‍ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 303നെതിരെ ന്യൂസിലന്‍ഡ് 388ന് പുറത്തായി. ഡെവോണ്‍ കോണ്‍വെ (80), വില്‍ യംഗ് (82), റോസ് ടെയ്‌ലര്‍ (80) എന്നിവരുടെ ഇന്നിങ്‌സാണ് കിവീസിന് ലീഡ് സമ്മാനിച്ചത്. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് നാല് വിക്കറ്റ് വീഴ്ത്തി.

രണ്ടിന് 229 എന്ന നിലയിലാണ് സന്ദര്‍ശകര്‍ മൂന്നാം ദിനം ആരംഭിച്ചത്. ടെയ്‌ലര്‍- യംഗ് കൂട്ടൂകെട്ടായിരുന്നു ക്രീസില്‍.  ഇരുവരും 92 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. യംഗിനെ പുറത്താക്കി ഡാനിയേല്‍ ലോറന്‍സ് ഇംഗ്ലണ്ടിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ ഹെന്റി നിക്കോള്‍സി (21) നൊപ്പം 63 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം ടെയ്‌ലറും പവലിയനില്‍ തിരിച്ചെത്തി. പിന്നാലെ എത്തിയവര്‍ക്കാര്‍ക്കും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ടോം ബ്ലണ്ടല്‍ (34), ഡാരില്‍ മിച്ചല്‍ (6), നീല്‍ വാഗ്നര്‍ (0), മാറ്റ് ഹെന്റി (12), അജാസ് പട്ടേല്‍ (20) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ട്രന്റ് ബോള്‍ട്ട് (12) പുറത്താവാതെ നിന്നു.

ബ്രോഡിന് പുറമെ മാര്‍ക് വുഡ്, ഒല്ലി സ്‌റ്റോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ജയിംസ് ആന്‍ഡേഴ്‌സണ്‍, ഡാനിയേല്‍ ലോറന്‍സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

Follow Us:
Download App:
  • android
  • ios