ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും വലിയ അട്ടിമറികള്‍ക്കൊന്നിനാണ് ഇന്നലെ ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്

ദില്ലി: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരായ നാണംകെട്ട തോല്‍വിക്കൊപ്പം മോശം റെക്കോര്‍ഡിലേക്ക് വഴുതിവീണ് ഇംഗ്ലണ്ട്. ഏകദിന ലോകകപ്പിന്‍റെ ചരിത്രത്തില്‍ 11 ടെസ്റ്റ് രാജ്യങ്ങള്‍ക്കെതിരെയും തോല്‍ക്കുന്ന ആദ്യ ടീം എന്ന ദയനീയ റെക്കോര്‍ഡാണ് ഇംഗ്ലണ്ടിന്‍റെ പേരിലായത്. ടെസ്റ്റ് പദവിയുള്ള ഓസ്ട്രേലിയ, ഇന്ത്യ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, സിംബാബ്‌വെ, അയര്‍ലന്‍ഡ്, അഫ്‌ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് തോറ്റിറ്റുണ്ട്. 

ഏകദിന ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികള്‍ക്കൊന്നിനാണ് ഇന്നലെ ദില്ലിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. നിലവിലെ ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്ഥാൻ 69 റണ്‍സിന് പരാജയപ്പെടുത്തി. അഫ്‌ഗാനിസ്ഥാന്‍ മുന്നോട്ടുവെച്ച 285 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 40.3 ഓവറില്‍ 215 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇംഗ്ലണ്ടിനായി 66 റണ്‍സെടുത്ത മധ്യനിര ബാറ്റര്‍ ഹാരി ബ്രൂക്ക് മാത്രമേ ബാറ്റിംഗില്‍ ശോഭിച്ചുള്ളൂ. 80 റണ്‍സെടുത്ത റഹ്‌മാനുള്ള ഗുര്‍ബാസും 58 റണ്‍സെടുത്ത ഇക്രം അലിഖീലും ബാറ്റിംഗില്‍ അഫ്‌ഗാനായി തിളങ്ങിയപ്പോള്‍ ബൗളിംഗില്‍ മൂജിബ് ഉര്‍ റഹ്‌മാനും റാഷിദ് ഖാനും മൂന്ന് വീതവും മുഹമ്മദ് നബി രണ്ടും വിക്കറ്റ് വീഴ്‌ത്തി. 9.3 ഓവറില്‍ 37 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു റാഷിദിന്‍റെ മൂന്ന് വിക്കറ്റ് പ്രകടനം.

അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ട് നാണംകെട്ട തോൽവി വഴങ്ങിയപ്പോള്‍ ടീമിന് ഏക ആശ്വാസമായത് ജോ റൂട്ടിന്‍റെ ഒരു റെക്കോര്‍ഡ് മാത്രമാണ്. റാഷിദ് ഖാൻ, ഇബ്രാഹീം സദ്റാൻ, മുഹമ്മദ് നബി, മുജീബു‍ർ റഹ്മാൻ എന്നീ നാല് താരങ്ങളുടെ ക്യാച്ചുമായി ലോകകപ്പിലെ ഒറ്റക്കളിയിൽ ഏറ്റവും കൂടുതൽ ക്യാച്ചെടുത്ത മുഹമ്മദ് കൈഫ്, നജിബുള്ള സദ്റാൻ, ഉമർ അക്മൽ, ക്രിസ് വോക്സ് എന്നിവരുടെ റെക്കോ‍ർ‍‍‍‍‍‍‍‍‍‍‍‍‍ഡിനൊപ്പമെത്താന്‍ റൂട്ടിന് കഴിഞ്ഞു. നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് മൂന്ന് കളിയില്‍ രണ്ടും തോറ്റ് 2 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ്. 

Read more: 'വസീം അക്രം അല്ല ഷഹീന്‍ അഫ്രീദി, അവന് ഇത്രയധികം ഹൈപ്പ് കൊടുക്കണ്ടാ'; കടന്നാക്രമിച്ച് രവി ശാസ്‌ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം