സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഹാരി ബ്രൂക്ക് പ്രസിദ്ധിനോട് നിനക്ക് കൂറ്റന്‍ സിക്സ് അടിക്കാനറിയാമോ എന്ന് വിളിച്ചുചോദിച്ചത്.

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ വാലറ്റക്കാരന്‍ പ്രസിദ്ധ് കൃഷ്ണ പുറത്താവാന്‍ കാരണം ഹാരി ബ്രൂക്കിന്‍റെ വെല്ലുവിളി. ജോഷ് ടങിന്‍റെ ഒരോവറില്‍ ഷാര്‍ദ്ദുല്‍ താക്കൂറും ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും പുറത്തായതിന് പിന്നാലെയാണ് അവസാന ബാറ്ററായി പ്രസിദ്ധ് കൃഷ്ണ ക്രീസിലെത്തിയത്. മറുവശത്ത് നില്‍ക്കുന്ന രവീന്ദ്ര ജഡേജക്ക് പിന്തുണ നല്‍കി പരമാവധി ലീഡുയര്‍ത്തുക എന്നത് മാത്രമായിരുന്നു പ്രസിദ്ധിന്‍റെ ഉത്തരവാദിത്തം.

10 പന്തുകള്‍ നേരിട്ട് പ്രസിദ്ധ് ജഡേജക്ക് പിന്തുണ നല്‍കുകയും ചെയ്തു. 349 റണ്‍സിൽ ഒമ്പത് വിക്കറ്റ് നഷ്ടമായ ഇന്ത്യ പ്രസിദ്ധിനെ കൂട്ടുപിടിച്ച് ജഡേജ നടത്തിയ ചെറുത്തുനില്‍പ്പില്‍ 364 റണ്‍സ് വരെയെത്തി ആകെ ലീഡ് 370 ആക്കി ഉയര്‍ത്തി. ഇതിനിടെയായിരുന്നു സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു ഹാരി ബ്രൂക്ക് പ്രസിദ്ധിനോട് നിനക്ക് കൂറ്റന്‍ സിക്സ് അടിക്കാനറിയാമോ എന്ന് വിളിച്ചുചോദിച്ചത്. നിനക്കത് കാണണോ, വളരെ സ്പെഷ്യലാണ് അതെന്നായിരുന്നു പ്രസിദ്ധിന്‍റെ മറുപടി. ഷൊയ്ബ് ബഷീര്‍ എറിഞ്ഞ അടുത്ത പന്ത് പ്രസിദ്ധ് പ്രതിരോധിച്ചപ്പോള്‍ എവിടെ കൂറ്റന്‍ സിക്സ് എവിടെയെന്ന് ബ്രൂക്ക് വീണ്ടും ചോദിച്ചു. 

Scroll to load tweet…

ബ്രൂക്കിന്‍റെ പ്രകോപനം ഫലിക്കുന്നതാണ് അടുത്ത പന്തില്‍ കണ്ടത്. അതുവരെ പ്രതിരോധിച്ചു നിന്ന് ജഡേജക്ക് പിന്തുണ നല്‍കിയ പ്രസിദ്ധ് ഷൊയ്ബ് ബഷീറിന്‍റെ തൊട്ടടുത്ത പന്തില്‍ സിക്സിന് ശ്രമിച്ചു. എഡ്ജ് ചെയ്ത പന്ത് സ്ക്വയര്‍ ലെഗ്ഗ് ബൗണ്ടറിയിലേക്ക് ഉയര്‍ന്നപ്പോള്‍ ജോഷ് ടങ് പ്രസിദ്ധിനെ ഓടിപ്പിടിച്ചു. അതോടെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു. 

ആദ്യ ഇന്നിംഗ്സില്‍ 41 റണ്‍സിന് അവസാന ഏഴ് വിക്കറ്റുകള്‍ നഷ്ടമാക്കി തകര്‍ന്നടിഞ്ഞ ഇന്ത്യ ഇന്നലെ 333-4 ല്‍ നിന്ന് 364 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 31 റണ്‍സെടുക്കുന്നതിനിടെയാണ് ഇന്ത്യക്ക് അവസാന ആറ് വിക്കറ്റുകള്‍ നഷ്ടമായത്. ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 471 റണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ട് 465 റണ്‍സിന് ഓൾ ഔട്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക