2019ൽ ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ ക്ലാസിക് പോരാട്ടങ്ങളിലൊന്നില്‍ ഓസ്ട്രേലിയക്കെതിരെ ബെന്‍ സ്റ്റോക്സ് അവസാന ബാറ്ററായ ജാക്ക് ലീച്ചിനെ കൂട്ടുപിടിച്ച് ഇംഗ്ലണ്ടിനെ 359 റണ്‍സ് വിജയലക്ഷ്യത്തിലെത്തിച്ചതാണ് രണ്ടാമത്തെ ഉയര്‍ന്ന റണ്‍ചേസ്.

ലീഡ്സ്: ഇന്ത്യ-ഇംഗ്ലണ്ട് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ നാലാം ദിനം ഇന്ത്യ ക്രീസിലിറങ്ങുമ്പോള്‍ ഏത് വലിയ വിജയലക്ഷ്യമാകും ഇംഗ്ലണ്ടിന് വെല്ലുവിളിയാകുക എന്ന കണക്കുകൂട്ടലിലാണ് ആരാധകര്‍. എന്നാല്‍ 300ല്‍ താഴെയുള്ള ഏത് വിജയലക്ഷ്യവും ഇംഗ്ലണ്ടിന് വെല്ലുവിളിയാവില്ലെന്നാണ് ലീഡ്സിലെ ചരിത്രം പറയുന്നത്.

ലീഡ്സിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് നടത്തിയത് ഓസ്ട്രേലിയ ആണ്. 1948 ല്‍ ഇംഗ്ലണ്ടിനെതിരെ 400 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ് ലീഡ്സിലെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസ്. 2019ൽ ടെസ്റ്റ് ക്രിക്കറ്റിലെ തന്നെ ക്ലാസിക് പോരാട്ടങ്ങളിലൊന്നില്‍ ഓസ്ട്രേലിയക്കെതിരെ ബെന്‍ സ്റ്റോക്സ് അവസാന ബാറ്ററായ ജാക്ക് ലീച്ചിനെ കൂട്ടുപിടിച്ച് അപരാജിത സെഞ്ചുറിയുമായി(135*) ഇംഗ്ലണ്ടിനെ 359 റണ്‍സ് വിജയലക്ഷ്യത്തിലെത്തിച്ചതാണ് രണ്ടാമത്തെ ഉയര്‍ന്ന റണ്‍ചേസ്.

ജാക്ക് ലീച്ചുമൊത്ത് സ്റ്റോക്സ് 76 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയപ്പോള്‍ ലീച്ചിന്‍റെ സംഭാവന ഒരു റണ്ണായിരുന്നു. 2017ല്‍ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇന്‍ഡീസ് 322 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതാണ് മൂന്നാമത്തെ വലിയ റണ്‍ചേസ്. 2001ല്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് 315 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചതും ലീഡ്സിലായിരുന്നു.

അവസാന ദിനങ്ങളില്‍ ബാറ്റിംഗിന് അനുകൂലമാകുന്നതാണ് ഇംഗ്ലണ്ടിലെ പിച്ചുകൾ. ഈ സാഹചര്യത്തില്‍ ബാസ്ബോള്‍ ശൈലിയില്‍ തകര്‍ത്തടിക്കുന്ന ഇംഗ്ലണ്ടിന് 300ന് താഴെയുള്ള ഏത് വിജയലക്ഷ്യവും അനായാസം അടിച്ചെടുക്കാനാവുമെന്നാണ് കരുതുന്നത്. ആദ്യ ഇന്നിംഗ്സില്‍ ആറ് റണ്‍സിന്‍റെ നേരിയ ലീഡ് മാത്രം നേടിയ ഇന്ത്യ 90-2 എന്ന നിലയിലാണ് മൂന്നാം ദിനം ക്രീസ് വിട്ടത്. എന്നാല്‍ നാലാം ദിനം തുടക്കത്തിലെ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് കൂടി നഷ്ടമായതോടെ ലീഡ്സില്‍ ഇന്ത്യ പ്രതിരോധത്തിലാണ്. ഏഴ് വിക്കറ്റ് കൈയിലിരിക്കെ 104 റൺസിന്‍റെ ആകെ ലീഡാണ് ഇന്ത്യക്കുള്ളത്. റിഷഭ് പന്തും കെ എൽ രാഹുലുമാണ് ക്രീസില്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക