നാലു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ഇംഗ്ലണ്ടിന് ഇനിയും 43 റണ്‍സ് കൂടി വേണം.
ബ്രിസ്ബേന്‍: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ട് തോല്‍വിയിലേക്ക്. 177 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. നാലു റണ്‍സ് വീതമെടുത്ത് ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സും വില്‍ ജാക്സും ക്രീസില്‍. നാലു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ ഇംഗ്ലണ്ടിന് ഇനിയും 43 റണ്‍സ് കൂടി വേണം.
നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ 511 റണ്‍സടിച്ച ഓസീസ് 177 റണ്‍സിന്‍റെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ തുടക്കത്തിലെ ഓപ്പണര്‍ ബെന്‍ ഡക്കറ്റിനെ(15) നഷ്ടമായ ഇംഗ്ലണ്ടിനായി 44 റണ്‍സെടുത്ത സാക് ക്രോളിയാണ് ടോപ് സ്കോററായത്. ഓപ്പണിംഗ് വിക്കറ്റില്‍ ഡക്കറ്റ്-ക്രോളി സഖ്യം 48 റണ്‍സടിച്ച് ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം നല്‍കിയിരുന്നു. ഡക്കറ്റിനെ ബോളണ്ട് മടക്കിയശേഷം ക്രോളിയും ഒല്ലി പോപ്പും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 42 റണ്‍സടിച്ച് ഇംഗ്ലണ്ടിനെ 90 റണ്‍സിലെത്തിച്ചെങ്കിലും പോപ്പിനെ(26) മൈക്കല്‍ നെസര്‍ പുറത്താക്കിയതിന് പിന്നാലെ ഇംഗ്ലണ്ട് കൂട്ടത്തകര്‍ച്ചയിലായി.
സാക് ക്രോളിയെ(44)യും വീഴ്ത്തിയ നെസര്‍ ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേല്‍പ്പിച്ചപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ ജോ റൂട്ടിനെ(15)യും ജാമി സ്മിത്തിനെയും(4) മിച്ചല്‍ സ്റ്റാര്‍ക്ക് മടക്കി. ഹാരി ബ്രൂക്കിനെ(15) പുറത്താക്കിയ ബോളണ്ട് ഇംഗ്ലണ്ടിനെ 90-1ല്‍ നിന്ന് 128-6ലേക്ക് തള്ളിയിട്ടു. 38 റണ്‍സെടുക്കന്നതിനിടെയാണ് ഇംഗ്ലണ്ടിന് 5 വിക്കറ്റുകള്‍ നഷ്ടമായത്. ഓസീസിനായി സ്റ്റാര്‍ക്കും ബോളണ്ടും നെസറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ഒരു ബാറ്റര്‍ പോലും സെഞ്ചുറി നേടിയില്ലെങ്കിലും ഇംഗ്ലണ്ട് കൂറ്റന്‍ സ്കോര്‍ കുറിച്ചു. ജേക്ക് വെതറാള്‍ഡ്(72), മാര്‍നസ് ലാബഷെയ്ന്‍(65), നായകന്‍ സ്റ്റീവ് സ്മിത്ത്(61), അലക്സ് ക്യാരി(63), മിച്ചല്‍ സ്റ്റാര്‍ക്ക്(77) എന്നിവരുടെ അര്‍ധസെഞ്ചുറികളാണ് ഓസീസിനെ 511 റണ്‍സിലെത്തിച്ച് മികച്ച ലീഡുറപ്പാക്കിയത്. ഇംഗ്ലണ്ടിനായി ബ്രെയ്ഡന്‍ കാര്‍സ് നാലും ബെന്‍ സ്റ്റോക്സ് മൂന്നും വിക്കറ്റെടുത്തു.


