സതാംപ്ടണ്‍: ഇംഗ്ലണ്ട്- വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. സതാംപ്ടണില്‍ നാലാം ദിവസം ഒരു സെഷന്‍ മാത്രം ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് ലീഡ് തിരിച്ചെടുത്തു. വിന്‍ഡീസിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 318നെതിരെ ഇംഗ്ലണ്ട് ചായയ്ക്ക് പിരിയുമ്പോള്‍ മൂന്നിന് 168 എന്ന നിലയിലാണ്. ഇപ്പോള്‍ 54 റണ്‍സിന്റെ ലീഡ ആതിഥേയര്‍ക്ക്. ഒന്നാം ഇന്നിങ്‌സില്‍ വിന്‍ഡീസിന് 114 റണ്‍സിന്റെ ലീഡുണ്ടായിരുന്നു. ജേസണ്‍ ഹോള്‍ഡറുടെ ആറ് വിക്കറ്റ് പ്രകടനത്തിന് മുന്നില്‍ വിറച്ച ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 204ന് എല്ലാവരും പുറത്താവുകയായിരുന്നു.

റോറി ബേണ്‍സ് (42), ഡോം സിബ്ലി (50), ജോ ഡെന്‍ലി (29) എന്നിവരുടെ വിക്കറ്റുകളാണ് ഇതുവരെ ഇംഗ്ലണ്ടിന് നഷ്ടമായത്. റോസ്റ്റണ്‍ ചേസ് രണ്ടും ഷാനോന്‍ ഗബ്രിയേല്‍ ഒരു വിക്കറ്റും വീഴ്ത്തി. സാക് ക്രോളി (38), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (0) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ ബേണ്‍സ്- സിബ്ലി സഖ്യം മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ഇരുവരും 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു.  

എന്നാല്‍ ബേണ്‍സിനെ പുറത്താക്കി ചേസ് വിന്‍ഡീസിന് ബ്രേക്ക് ത്രൂ നല്‍കി. ഡെന്‍ലി- സിബ്ലി സഖ്യം മറ്റൊരു കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും സിബ്ലിയെ ഗബ്രിയേല്‍ മടക്കിയയച്ചു. അധികം വൈകാതെ ഡെന്‍ലി ചേസിന്റെ പന്തില്‍ കീഴടങ്ങി. മികച്ച കൂട്ടുകെട്ടുണ്ടാക്കി ഇംഗ്ലണ്ടിന് വലിയ ലീഡ് സമ്മാനിക്കുകയാണ് ക്രോളി- സ്‌റ്റോക്‌സിന്റെ ലക്ഷ്യം.