ടോം ഹെയ്‌ന്‍സിന്‍റെയും മാക്സ് ഹോള്‍ഡെനിന്‍റെയും സെഞ്ചുറിക്ക് പിന്നാലെ ഡാന്‍ മൗസ്‌ലിയുടെ തകര്‍പ്പന്‍ ഫിഫ്റ്റിയുടെയും കരുത്തില്‍ ഇംഗ്ലണ്ട് ലയണ്‍സ്
കാന്‍റർബറി: ഒന്നാം അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് ശക്തമായ ഭീഷണിയുയര്‍ത്തി ഇംഗ്ലണ്ട് ലയണ്‍സ്. ഇന്ത്യ എയുടെ 557 റണ്‍സ് പിന്തുടരുന്ന ലയണ്‍സ് മൂന്നാം ദിനത്തിന്‍റെ മൂന്നാം സെഷനില്‍ ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ 115 ഓവറില്‍ ആറ് വിക്കറ്റിന് 474 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ഇന്ത്യന്‍ എയുടെ സ്കോറിനേക്കാള്‍ 83 റണ്‍സ് മാത്രം പിന്നിലാണ് ഇംഗ്ലണ്ട് ലയണ്‍സ്. ടോം ഹെയ്‌ന്‍സിന്‍റെയും മാക്സ് ഹോള്‍ഡെനിന്‍റെയും സെഞ്ചുറിക്ക് പിന്നാലെ ഡാന്‍ മൗസ്‌ലിയുടെ തകര്‍പ്പന്‍ ഫിഫ്റ്റിയുടെ (134 പന്തില്‍ 82*) കരുത്തിലാണ് ലയണ്‍സിന്‍റെ തിരിച്ചടി.
മറുപടി ബാറ്റിംഗില്‍ ബെന്‍ മക്കിനിയെ (18 പന്തില്‍ 16) ടീം സ്കോര്‍ 22ല്‍ നില്‍ക്കേ ഇംഗ്ലണ്ട് ലയണ്‍സിന് നഷ്ടമായിരുന്നു. ഇതിന് ശേഷം വണ്‍ഡൗണ്‍ ബാറ്റര്‍ എലിമിയോ ഗേ 90 പന്തില്‍ 46 റണ്‍സും നേടി പുറത്തായി. മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 181 റണ്‍സ് പാര്‍ട്ണര്‍ഷിപ്പുമായി പിന്നാലെ ടോം ഹെയ്‌ന്‍സും, മാക്സ് ഹോള്‍ഡെനും ലയണ്‍സിനെ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുകൊണ്ടുവന്നു. ഹെയ്ന്‍സ് 279 പന്തില്‍ 171 റണ്‍സും, ഹോള്‍ഡെന്‍ 101 പന്തുകളില്‍ 101 റണ്‍സും പേരിലാക്കി. ഇതിന് ശേഷം ക്യാപ്റ്റന്‍ ജെയിംസ് റ്യൂയും (23 പന്തില്‍ 8), റെഹാന്‍ അഹമ്മദും (7 പന്തില്‍ 3) പുറത്തായെങ്കിലും ഫിഫ്റ്റിയുമായി ഡാന്‍ മൗസ്‌ലി ഇന്ത്യ എയ്ക്ക് കനത്ത ഭീഷണിയായി മാറിയിരിക്കുകയാണ്. അതേസമയം ഇന്ത്യ എയ്ക്കായി പേസര്‍ മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റുകള്‍ ഇതിനകം വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ഒന്നാം ഇന്നിംഗ്‌സില്‍ 125.1 ഓവറില്‍ 557 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. വണ്‍ഡൗണായി ക്രീസിലെത്തി ഇരട്ട സെഞ്ചുറി തികച്ച മലയാളി കരുണ്‍ നായരാണ് (281 പന്തില്‍ 204) ഇന്ത്യയുടെ ടോപ് സ്കോറര്‍. സര്‍ഫറാസ് ഖാന്‍ (119 പന്തില്‍ 92), ധ്രുവ് ജൂരെല്‍ (120 പന്തില്‍ 94) എന്നിവര്‍ സെഞ്ചുറിക്കരികെ പുറത്തായി. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ അഭിമന്യൂ ഈശ്വരനും (18 പന്തില്‍ 8), യശസ്വി ജയ്‌സ്വാളും (55 പന്തില്‍ 24) പുറത്തായി 51 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ പ്രതിരോധത്തിലായ ശേഷം സര്‍ഫറാസിനും ജൂരെലിനുമൊപ്പമുള്ള കരുണിന്‍റെ മാരത്തണ്‍ ഇന്നിംഗ്‌സാണ് ഇന്ത്യ എയ്ക്ക് മികച്ച സ്കോറൊരുക്കിയത്. ഇതോടെ ഇന്ത്യ എ 51-2ല്‍ നിന്ന് 232-3, 427-4 എന്നിങ്ങനെ സ്കോര്‍ബോര്‍ഡില്‍ ശക്തമായ നിലയിലേക്കെത്തി.
അവസാന സ്പെഷ്യലിസ്റ്റ് ബാറ്ററായ നിതീഷ് കുമാര്‍ റെഡ്ഡി 22 പന്തില്‍ 7 റണ്‍സുമായി മടങ്ങിയപ്പോള്‍ വാലറ്റത്ത് ഷര്‍ദ്ദുല്‍ താക്കൂര്‍ (32 പന്തില്‍ 27), ഹര്‍ഷ് ദുബെ (47 പന്തില്‍ 32), അന്‍ഷുല്‍ കംബോജ് (37 പന്തില്‍ 23), ഹര്‍ഷിത് റാണ (20 പന്തില്‍ 16) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി. ഇംഗ്ലണ്ട് ലയണ്‍സിനായി ജോഷ് ഹള്ളും സമാന്‍ അക്‌തറും മൂന്ന് വീതവും എഡ്ഡീ ജാക്ക് രണ്ഡും റെഹാന്‍ അഹമ്മദും അജീത് ഡേയ്‌ലും ഓരോ വിക്കറ്റും നേടി.


