ഒരു വാലറ്റക്കാരനോടെന്ന പോലെ സ്മിത്ത് തന്നോട് പെരുമാറിയതില്‍ ബാബര്‍ ശരിക്കും കലിപ്പിലായിരുന്നുവെന്ന് മുഖഭാവങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
സിഡ്നി:ബിഗ് ബാഷ് ലീഗില്‍ സിഡ്സി സിക്സേഴ്സും സിഡ്നി തണ്ടറും തമ്മിലുള്ള മത്സരത്തിനിടെ സിക്സേഴ്സ് താരമായ ബാബര്‍ അസമിന് ഉറപ്പായ സിംഗിള്‍ നിഷേധിച്ച സഹതാരം സ്റ്റീവ് സ്മിത്തിന്‍റെ നടപടി ബാബറിനെ ചൊടിപ്പിച്ചെങ്കിലും പിന്നാലെ സ്മിത്ത് നടത്തിയത് ബാറ്റിംഗ് വെടിക്കെട്ട്. ക്രിസ് ഗ്രീന്‍ എറിഞ്ഞ മത്സരത്തിലെ പതിനൊന്നാം ഓവറിലെ അവസാന പന്തിലായിരുന്നു 38 പന്തില്‍ 47 റണ്‍സുമായി ക്രീസില്‍ നിന്ന ബാബറിന് ഉറപ്പായ സിംഗിള്‍ സ്മിത്ത് നിഷേധിച്ചത്. സിംഗിളെടുത്തിരുന്നെങ്കില്‍ ബാബറിന് അടുത്ത ഓവറില്‍ അര്‍ധസെഞ്ചുറി തികയ്ക്കാമായിരുന്നു.
ബാബര്‍ ലോംഗ് ഓണിലേക്ക് പന്തടിച്ചെങ്കിലും സ്ട്രൈക്ക് കിട്ടാനായി സ്മിത്ത് സിംഗിള്‍ ഓടാതിരുന്നു. ഇതിന് പിന്നാലെ ബാബര്‍ കലിപ്പനായി പ്രതികരിച്ചെങ്കിലും സ്മിത്ത് അടുത്ത ഓവറില്‍ പവര്‍ സര്‍ജ്(രണ്ടാം പവര്‍ പ്ലേ) എടുക്കുകയാണെന്ന് വിശദീകരിക്കുന്നതും കാണാമായിരുന്നു. എന്നാല്‍ ഒരു വാലറ്റക്കാരനോടെന്ന പോലെ സ്മിത്ത് തന്നോട് പെരുമാറിയതില്‍ ബാബര്‍ ശരിക്കും കലിപ്പിലായിരുന്നുവെന്ന് മുഖഭാവങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. എന്നാല്‍ സ്മിത്തിന് കൃത്യമായ പദ്ധതിയുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു റിയാന്‍ ഹാര്‍ഡ്‌ലി എറിഞ്ഞ അടുത്ത ഓവറിലെ പ്രകടനം.
ഹാഡ്‌ലിയുടെ അടുത്ത നാലു പന്തുകളും സിക്സിന് പറത്തിയ സ്മിത്ത് ഇതില്‍ ഒരെണ്ണം 107 മീറ്റര്‍ അകലത്തിലേക്ക് പറത്തി. നോ ബോളായ അഞ്ചാം പന്തില്‍ സ്മിത്ത് ബൗണ്ടറി അടിച്ചു. അടുത്ത പന്ത് വീണ്ടും വൈഡായി. ഓവറിലെ അവസാന പന്തില്‍ രണ്ട് റണ്‍സ് കൂടി നേടി ബിഗ് ബാഷ് ചരിത്രത്തിൽ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറെന്ന നാണക്കേടും ഹാഡ്‌ലിക്ക് സ്മിത്ത് സമ്മാനിച്ചു. ഹാഡ്‌ലിയുടെ ഓവര്‍ തുടങ്ങുമ്പോള്‍ 28 പന്തില്‍ 58 റണ്‍സായിരുന്ന സ്മിത്ത് ആ ഓവര്‍ കഴിഞ്ഞപ്പോൾ 35 പന്തില്‍ 88ലെത്തി. പതിമൂന്നാം ഓവറിലെ ആദ്യ പന്തേ നേരിട്ട ബാബര്‍ അസമാകട്ടെ മക് ആന്‍ഡ്ര്യൂവിന്‍റെ പന്തില്‍ ബൗള്‍ഡായി അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കാതെ മടങ്ങി.
പുറത്താകുമ്പോള്‍ നിരാശനായിരുന്നു ബാബര്‍. ബൗണ്ടറി ലൈനിലെ പരസ്യ ബോര്‍ഡുകള്‍ തട്ടിതെറിപ്പിച്ചാണ് പവലിയനിലേക്ക് കയറി പോയത്ബാബര്‍ മടങ്ങിയശേഷവും അടി തുടര്‍ന്ന സ്മിത്ത് നേരിട്ട അടുത്ത പന്തില്‍ സിക്സും പിന്നാലെ ഫോറും നേടി. 41 പന്തില്‍ സെഞ്ചുറി തികച്ച സ്മിത്ത് അടുത്ത പന്തില്‍ പുറത്തായി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത തണ്ടര്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സടിച്ചപ്പോള്‍ സിക്സേഴ്സ് 17.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.


