ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാവുന്നത്
ലണ്ടന്‍: ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ കളിക്കും. ദീര്‍ഘകാലമായി പരിക്ക് അലട്ടിയിരുന്ന താരം ലോകകപ്പ് ആവുമ്പോഴേക്ക് പൂര്‍ണ ഫിറ്റ്‌നസ് കൈവരിക്കും എന്നാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ‍് കണക്കാക്കുന്നത്. 2019ല്‍ ഇംഗ്ലണ്ട് ആദ്യമായി ഏകദിന ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍ നിര്‍ണായകമായ താരമാണ് ആര്‍ച്ചര്‍. ലോകകപ്പില്‍ 11 മത്സരങ്ങളില്‍ 21 വിക്കറ്റുമായി ഇംഗ്ലണ്ടിന്‍റെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായി. ലോര്‍ഡ്‌സിലെ ഫൈനലില്‍ സൂപ്പര്‍ ഓവര്‍ എറിഞ്ഞത് ആര്‍ച്ചറായിരുന്നു.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാവുന്നത്. ലോകകപ്പില്‍ ഇംഗ്ലണ്ട് കുപ്പായത്തില്‍ ആര്‍ച്ചര്‍ കളിക്കുമെന്ന് കൗണ്ടി ടീം സസെക്‌സിന്‍റെ മുഖ്യ പരിശീലകന്‍ പോള്‍ ഫാര്‍ബ്രേസ് വ്യക്കമാക്കിയതായി ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 'ആര്‍ച്ചര്‍ സുഖമായിരിക്കുന്നു. ലോകകപ്പിന് ആര്‍ച്ചറുണ്ടാകും. അതൊരു വലിയ വാര്‍ത്തയാണ്. അടുത്ത കുറച്ച് വര്‍ഷങ്ങളിലും ആഷസിലും ആര്‍ച്ചറെ എങ്ങനെ കളിപ്പിക്കാനാകും എന്ന കാര്യത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്' എന്നും പോള്‍ വ്യക്തമാക്കി.
ബാര്‍ബഡോസില്‍ ജനിച്ച ആര്‍ച്ചര്‍ 2019 മെയ് മാസത്തിലാണ് ഇംഗ്ലണ്ടിനായി അരങ്ങേറ്റം കുറിച്ചത്. മികച്ച പേസും ബൗണ്‍സുമായിരുന്നു ഉയരക്കാരനായ താരത്തിന്‍റെ സവിശേഷത. ഇംഗ്ലണ്ടിനായി 13 ടെസ്റ്റുകളും 21 ഏകദിനങ്ങളും 15 ട്വന്‍റി 20കളും കളിച്ചപ്പോള്‍ കൈമുട്ടിലെ പരിക്ക് താരത്തെ പിന്നീട് അലട്ടി. ചുരുങ്ങിയ മാസങ്ങള്‍ക്കിടെ പലതവണ താരം കൈയില്‍ ശസ്‌ത്രക്രിയക്ക് വിധേയനായി. ടെസ്റ്റിലും ഏകദിനത്തിലും 42 വീതവും രാജ്യാന്തര ട്വന്‍റി 20യില്‍ 18 ഉം വിക്കറ്റാണ് ആര്‍ച്ചറുടെ സമ്പാദ്യം. കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ആര്‍ച്ചര്‍ എറിഞ്ഞ സൂപ്പര്‍ ഓവറും സമനിലയായതോടെ ബൗണ്ടറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
Read more: ജസ്‌പ്രീത് ബുമ്രയുടെ തിരിച്ചുവരവ് വൈകിയേക്കും; ആശങ്കയായി രോഹിത് ശര്‍മ്മയുടെ വാക്കുകള്‍
