എഡ്ജ്ബാസ്റ്റണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 398 റണ്‍സ് വിജയലക്ഷ്യം. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ നേടിയ 90 റണ്‍സിന്റെ ലീഡിനെതിരെ രണ്ടാമതും ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ഏഴിന് 487 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 13 റണ്‍സെടുത്തിട്ടുണ്ട്. വിജയിക്കാന്‍ അവസാനദിനം ആതിഥേയര്‍ക്ക് വേണ്ടത് 385 റണ്‍സാണ്. സ്‌കോര്‍: ഓസ്‌ട്രേലിയ 284/10, 487/7. ഇംഗ്ലണ്ട് 374/10, 13/0.

സ്റ്റീവന്‍ സ്മിത്ത് (142), മാത്യൂ വെയ്ഡ് (110) എന്നിവരുടെ സെഞ്ചുറിയാണ് രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഒന്നാം ഇന്നിങ്‌സിലും സ്മിത്ത് സെഞ്ചുറി നേടിയിരുന്നു. 14 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു സ്മിത്തിന്റെ ഇന്നിങ്‌സ്. വെയ്ഡ് 17 ബൗണ്ടറികള്‍ നേടി. ഇരുവരും 126 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ട്രാവിസ് ഹെഡ് (51), ഉസ്മാന്‍ ഖവാജ (40) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സ് മൂന്നും മൊയീന്‍ അലി രണ്ടും വിക്കറ്റ് വീഴ്ത്തി. നാലാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഇംഗ്ലീഷ് ഓപ്പണര്‍മാരായ റോറി ബേണ്‍സ് (7), ജേസണ്‍ റോയ് (6) എന്നിവരാണ് ക്രീസില്‍.