നിര്‍ണായക മത്സരത്തില്‍ ഇന്നിംഗ്‌സിനും 25 റണ്‍സിനും ദയനീയമായ പരാജയം ഏറ്റുവാങ്ങിയിരുന്നു. താന്‍ മാത്രമല്ല, ടീമിലെ മറ്റുള്ള താരങ്ങളും അസ്വസ്ഥതകള്‍ പുറത്തുകാണിച്ചിരുന്നുവെന്നും സ്‌റ്റോക്‌സ് പറഞ്ഞു. 

അഹമ്മദാബാദ്: ഇന്ത്യക്കെതിരെ നടന്ന അവസാന ടെസ്റ്റിനിടെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. നിര്‍ണായക മത്സരത്തില്‍ ഇന്നിംഗ്‌സിനും 25 റണ്‍സിനും ദയനീയമായ പരാജയം ഏറ്റുവാങ്ങിയിരുന്നു. താന്‍ മാത്രമല്ല, ടീമിലെ മറ്റുള്ള താരങ്ങളും അസ്വസ്ഥതകള്‍ പുറത്തുകാണിച്ചിരുന്നുവെന്നും സ്‌റ്റോക്‌സ് പറഞ്ഞു.

അഹമ്മദാബാദിലെ ചൂടാണ് താരങ്ങള്‍ക്ക് വിനയായതെന്നാണ് സ്‌റ്റോക്‌സ് പറയുന്നത്. താരത്തിന്റെ വാക്കുകള്‍... ''41 ഡിഗ്രി ചൂടില്‍ കളിക്കുന്നത് സീരീസ് ഫൈനലില്‍ സന്ദര്‍ശകരെ വളരെയധികം ബാധിച്ചു. മാത്രമല്ല, വയറിലും പ്രശ്‌നങ്ങളുണ്ടായിരുന്നു. എനിക്ക് മാത്രമല്ല, മറ്റു പലര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടു. ഒരാഴ്ചക്കിടെ ഞാന്‍ അഞ്ച് കിലോ കുറഞ്ഞു. ഡൊമിനിക് സിബ്ലി നാല് കിലോയും ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്ന് കിലോയും കുറഞ്ഞു. ജാക് ലീച്ച് ഇടയ്ക്കിടെ ടോയ്ലറ്റില്‍ പോകുകയായിരുന്നു.

എന്നാല്‍ പരമ്പര നഷ്ടത്തിന് ഇതൊന്നും ന്യായീകരണമല്ല. സഹതാരങ്ങളെല്ലാം കളിക്കാന്‍ തയ്യാറായിരുന്നു. പ്രതികൂല സാഹചര്യത്തിലും വിജയം സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് വേണ്ടി പോരാടിയ എല്ലാവരും അഭിനന്ദനമര്‍ഹിക്കുന്നു. ഇന്ത്യന്‍ നിരയില്‍ റിഷഭ് പന്ത് പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.'' സ്റ്റോക്‌സ് പറഞ്ഞു. 

അവസാന ടെസ്റ്റില്‍ ജോഫ്ര ആര്‍ച്ചറിനെ പരിക്കിനെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു. ടീമില്‍ പേസ് ബോളര്‍മാരായി ഉണ്ടായിരുന്നത് സ്റ്റോക്സും ആന്‌ഡേഴ്‌സനും മാത്രമാണ്. കൂടുതല്‍ ഓവറുകള്‍ എറിയേണ്ടി വന്നതോടെ മത്സരത്തിനിടെ സ്റ്റോക്സ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.