ഇന്ത്യൻ ടി20 നായകൻ സൂര്യകുമാർ യാദവിന്റെ നേതൃപാടവത്തിന് അർഹിച്ച അംഗീകാരം ലഭിക്കുന്നില്ലെന്ന് മുൻ താരം ഇർഫാൻ പത്താൻ. 

മുംബൈ: ഇന്ത്യന്‍ ടി20 ടീം നായകന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃപാടവത്തിന് അര്‍ഹിച്ച അംഗീകാരം ലഭിക്കുന്നില്ലെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍. സൂര്യകുമാറിന്റെ ക്യാപ്റ്റന്‍സിയില്‍ രോഹിത് ശര്‍മയുടെ നിഴല്‍ കാണാനുണ്ടെന്നും ബൗളര്‍മാരെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ അദ്ദേഹം മികച്ചുനില്‍ക്കുന്നുവെന്നും പത്താന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷമാണ് രോഹിത്തില്‍ നിന്ന് സൂര്യകുമാര്‍ ഇന്ത്യയുടെ ടി20 ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തുത്. മറ്റൊരു ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാന്‍ ഒരുങ്ങുകയാണ് സൂര്യ. അദ്ദേഹത്തിന് കീഴില്‍ ഇന്ത്യ ഇറങ്ങുന്ന ആദ്യ ലോകകപ്പാണിത്.

റെക്കോര്‍ഡുകള്‍ സംസാരിക്കുന്നു

രോഹിത് ശര്‍മ്മയ്ക്ക് ശേഷം ടീമിനെ നയിക്കുന്ന സൂര്യകുമാറിന്റെ കീഴില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ നിസ്സാരമല്ലെന്ന് പത്താന്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വാക്കുകള്‍... ''എന്ത് കാരണത്താലാണെന്ന് അറിയില്ല, നമ്മള്‍ സൂര്യ എന്ന ക്യാപ്റ്റനെ വേണ്ട രീതിയില്‍ ആഘോഷിക്കുന്നില്ല. അന്താരാഷ്ട്ര ടി20യില്‍ 84 ശതമാനമാണ് അദ്ദേഹത്തിന്റെ വിജയ ശരാശരി. ഇത് ഇന്ത്യന്‍ ക്യാപ്റ്റന്മാരില്‍ ഏറ്റവും ഉയര്‍ന്നതാണ്. എന്നിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തിന് ക്രെഡിറ്റ് നല്‍കാത്തത്.'' പത്താന്‍ ചോദിച്ചു.

രോഹിത്തിന്റെ പിന്‍ഗാമി

സൂര്യകുമാര്‍ ഒരു 'ബൗളേഴ്‌സ് ലീഡര്‍' ആണെന്ന് പത്താന്‍ വിശേഷിപ്പിച്ചു. മത്സരത്തില്‍ സജീവമായി ഇടപെടുന്നതും കൃത്യസമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കുന്നതും രോഹിത് ശര്‍മയുടെ ശൈലിയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ബാറ്റിംഗിലെ തിരിച്ചുവരവ്

2025ല്‍ ബാറ്റിംഗില്‍ അല്പം പിന്നിലായിരുന്ന സൂര്യകുമാര്‍. വരാനിരിക്കുന്ന ലോകകപ്പിന് തൊട്ടുമുമ്പ് ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയ്ക്ക് വലിയ ആശ്വാസമാണ്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് അര്‍ദ്ധ സെഞ്ചുറികളാണ് താരം നേടിയത്. ഫെബ്രുവരി 7ന് ആരംഭിക്കുന്ന ടി20 ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ നയിക്കുന്നത് സൂര്യകുമാറാണ്. ലോകകപ്പിന് മുന്നോടിയായുള്ള അവസാന ടി20 മത്സരത്തില്‍ ഇന്ത്യ ഇന്ന് ന്യൂസിലന്‍ഡിനെ നേരിടും. നിലവില്‍ 3-1 ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്.

YouTube video player