അഞ്ച് മത്സരങ്ങളുടെ പരമ്പര അവസാനിക്കുമ്പോഴേക്കും ടീമിനെ വ്യക്തമാകും എന്നാണ് റാത്തോഡിന്‍റെ വാക്കുകള്‍. 

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ പരമ്പര ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാകുമെന്ന് ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ്. അഞ്ച് മത്സരങ്ങളുടെ പരമ്പര അവസാനിക്കുമ്പോഴേക്കും ടീമിനെ വ്യക്തമാകും എന്നാണ് റാത്തോഡിന്‍റെ വാക്കുകള്‍. 

'ടി20 ലോകകപ്പ് ഇന്ത്യയിലാണ്. ഈ പരമ്പര അവസാനിക്കുന്നതോടെ ബാറ്റിംഗ് ലൈനപ്പ് എനിക്ക് തയ്യാറാക്കേണ്ടതുണ്ട്. ടീമിനെ ഈ പരമ്പരയില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സുസജ്ജമായ ടീമായതിനാല്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടിവരില്ല എന്ന് എനിക്കുറപ്പാണ്. ആര്‍ക്കെങ്കിലും ഫോം നഷ്‌ടമായാലോ, പരിക്കേറ്റാലോ മാത്രമേ ബാറ്റിംഗ് നിരയില്‍ മാറ്റുണ്ടാകൂ'. 

'മത്സരം ജയിക്കാനാണ് ടീം ശ്രമിക്കുന്നത്. റണ്‍സ് പിന്തുടരുമ്പോള്‍ സ്‌‌ട്രൈക്ക്‌റേറ്റ് മാനദണ്ഢമല്ല. വിജയലക്ഷ്യം 20 ഓവറിലോ 10 ഓവറിലോ എത്തിപ്പിടിക്കുക മാത്രമാണ് മുന്നിലുള്ളത്. എന്നാല്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ സാഹചര്യത്തിന് അനുസരിച്ച് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയാവണം ലക്ഷ്യം. ടി20 പരിഗണിച്ചാല്‍ ഇത് ടീം ഇപ്പോള്‍ നന്നായി ചെയ്യുന്നുണ്ട്. അതിനാല്‍ തനിക്ക് വലിയ ആശങ്കകളില്ല' എന്നും റാത്തോഡ് പറഞ്ഞു. 

നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ചാണ് ടീം ഇന്ത്യ ടി20 പരമ്പരയ്‌ക്ക് തയ്യാറെടുക്കുന്നത്. അഞ്ച് ടി20കളുടെ പരമ്പരയിലെ ആദ്യ മത്സരം വെള്ളിയാഴ്‌ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ വെച്ചാണ് ടി20 ലോകകപ്പ് നടക്കുക. 

ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ട് പുതുമുഖങ്ങള്‍; യുവതാരം ഇന്ത്യയുടെ ടി20 ടീമിലെത്തിയേക്കും