40 റണ്‍സിന്‍റെ ലീഡുമായി മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഇന്നിംഗ്സിലേതുപോലെ ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്സിലും റണ്ണെടുക്കാതെ സാക് ക്രോളി മടങ്ങി.
പെര്‍ത്ത്: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ നിര്‍ണായക ഒന്നാം ഇന്നിംഗ്സ് ലീഡെടുത്ത് ഇംഗ്ലണ്ട്. രണ്ടാം ദിനം 123-9 എന്ന സ്കോറില്‍ ക്രീസിലെത്തിയ ഓസ്ട്രേലിയ 132 റണ്‍സിന് ഓള്‍ ഔട്ടായി ഇംഗ്ലണ്ടിന് 40 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സമ്മാനിച്ചു. അവസാന ബാറ്ററായ നഥാന്‍ ലിയോണിനെ(4) പുറത്താക്കി ബ്രെയ്ഡൺ കാര്‍സാണ് ഓസീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സ് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ബ്രെയ്ഡന്‍ കാര്‍സ് മൂന്നും ജോഫ്ര ആര്‍ച്ചര്‍ രണ്ടും വിക്കറ്റെടുത്തു.
40 റണ്‍സിന്‍റെ ലീഡുമായി മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഇന്നിംഗ്സിലേതുപോലെ ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. തുടര്‍ച്ചയായ രണ്ടാം ഇന്നിംഗ്സിലും റണ്ണെടുക്കാതെ സാക് ക്രോളി മടങ്ങി. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലാണ് ക്രോളി പുറത്തായത്. ആദ്യോ ഓവറിലെ അഞ്ചാം പന്തില്‍ ക്രോളി നല്‍കിയ റിട്ടേണ്‍ ക്യാച്ച് സ്റ്റാര്‍ക്ക് മുഴുനീള ഡൈവിലൂടെ അവിശ്വസനീയമായി കൈയിലൊതുക്കുകയായിരുന്നു.
എന്നാല്‍ ക്രോളി മടങ്ങിയശേഷം ക്രീസിലെത്തിയ ഒല്ലി പോപ്പും ബെന്‍ ഡക്കറ്റും ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് കരകയറി. രണ്ടാം ഇന്നിംഗ്സില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയിലാണ്. 20 റണ്‍സോടെ ബെന്‍ ഡക്കറ്റും 21 റണ്‍സുമായി ഒല്ലി പോപ്പും ക്രീസില്‍. 9 വിക്കറ്റ് കൈയിലിരിക്കെ ഇംഗ്ലണ്ടിനിപ്പോള്‍ 88 റണ്‍സിന്‍റെ നിര്‍ണായക ലീഡുണ്ട്.
നേരത്തെ വിക്കറ്റ് പെയ്ത്ത് കണ്ട ടെസ്റ്റിന്‍റെ ആദ്യ ദിനം ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 172 റണ്‍സിന് പുറത്തായപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് 123-9 എന്ന സ്കോറിലാണ് ക്രീസ് വിട്ടത്. ആറോവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സിന്‍റെ മാസ്മരിക ബൗളിംഗാണ് ഓസീസിനെ തകര്‍ത്തത്. 26 റണ്‍സെടുത്ത അലക്സ് ക്യാരിയാണ് ഓസീസിന്‍റെ ടോപ് സ്കോറര്‍.
കാമറൂണ്‍ ഗ്രീന്‍ 24ഉം ട്രാവിസ് ഹെഡ് 21ഉം റണ്‍സെടുത്തപ്പോള്‍ നായകന്‍ സ്റ്റീവ് സ്മിത്ത് 17 റണ്‍സെടുത്തു. ഏഴ് വിക്കറ്റ് എറിഞ്ഞിട്ട മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ബൗളിംഗ് മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വെറും 32.5 ഓവറില്‍ 172 റണ്‍സിന് ഓസീസ് ഓള്‍ ഔട്ടാക്കിയത്.


