1909നുശേഷം ആദ്യമായാണ് ആഷസ് പരമ്പരയിലെ ഒരു ടെസ്റ്റിന്‍റെ ആദ്യ ദിനം ഇത്രയും വിക്കറ്റുകള്‍ വീഴുന്നത്.

പെര്‍ത്ത്: ഓസ്ട്രേലിയ-ഇംഗ്ലണ്ട് ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്‍റെ ആദ്യദിനം ഇരു ടീമുകളിലുമായി നിലംപൊത്തിയത് 19 വിക്കറ്റുകള്‍. ആദ്യം ബാറ്റ് ചെയ് ത ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സ് 172 റണ്‍സില്‍ അവസാനിച്ചപ്പോള്‍ മറുപടി ബാറ്റിംഗ് തുടങ്ങിയ ഓസ്ട്രേലിയ 123-9 എന്ന സ്കോറിലാണ് ആദ്യ ദിനം ക്രീസ് വിട്ടത്. ആദ്യ ദിനം തന്നെ 19 വിക്കറ്റുകള്‍ വീണതോടെ ആഷസിലെ നിരവധി റെക്കോര്‍ഡുകളും പെര്‍ത്തില്‍ ഇന്ന് കടപുഴകി.

1909നുശേഷം ആദ്യമായാണ് ആഷസ് പരമ്പരയിലെ ഒരു ടെസ്റ്റിന്‍റെ ആദ്യ ദിനം ഇത്രയും വിക്കറ്റുകള്‍ വീഴുന്നത്. 1909ല്‍ ഓൾഡ് ട്രാഫോര്‍ഡില്‍ നടന്ന ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആഷസ് ടെസ്റ്റിന്‍റെ ആദ്യ ദിനം ഓസീസ് 147 റണ്‍സിനും ഇംഗ്ലണ്ട് 119 റണ്‍സിനും ഓള്‍ ഔട്ടായി 20 വിക്കറ്റുകള്‍ വീണിരുന്നു. ഇതിനുശേഷം ഇത്രയും വിക്കറ്റുകള്‍ ആദ്യ ദിനം തന്നെ വീഴുന്നത് ഇതാദ്യമാണ്. പെര്‍ത്തില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴുന്ന മത്സരമെന്ന റെക്കോര്‍ഡും ഇന്നത്തെ ഇംഗ്ലണ്ട് ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന് സ്വന്തമായി.

View post on Instagram

കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യ-ഓസ്ട്രേലിയ പെര്‍ത്ത് ടെസ്റ്റില്‍ ആദ്യ ദിനം ഇരു ടീമുകളിലുമായി 17 വിക്കറ്റുകള്‍ വീണിരുന്നു. കഴിഞ്ഞ 100 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ആഷസില്‍ ഒറു ടെസ്റ്റിന്‍റെ ആദ്യ ദിനം 19 വിക്കറ്റുകള്‍ വീഴുന്നത്. 2005ല്‍ ലോര്‍ഡ്സ് ടെസ്റ്റിലും 2001ല്‍ ട്രെന്‍റ്ബ്രിഡ്ജിലും ആദ്യദിനം 17 വിക്കറ്റുകള്‍ വീതം വീണതായിരുന്നു ഇതിന് മുമ്പത്തെ വലിയ വീഴ്ച. ഇതിന് പുറമെ രണ്ട് ടീമിനും ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായതോടെ ആഷസ് ചരിത്രത്തില്‍ ആദ്യമായി ഇരു ടീമും ഓപ്പണിംഗ് കൂട്ടുകെട്ടില്‍ പൂജ്യം റണ്‍സ് കുറിച്ചതിന്‍റെ റെക്കോര്‍ഡും ഇന്നത്തെ മത്സരത്തിന് സ്വന്തമായി.

View post on Instagram

ഓസിസിനായി മിച്ചല്‍ സ്റ്റാര്‍ക്കും ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്സും ആദ്യ ദിനം അഞ്ച് വിക്കറ്റെടുത്തതോടെ ആഷസ് ചരിത്രത്തില്‍ 2005നുശേഷം ആദ്യമായി രണ്ട് ബൗളര്‍മാര്‍ ആദ്യ ദിനം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയെന്ന അപൂര്‍വതക്കും ഇന്ന് പെര്‍ത്ത് വേദിയായി. ആഷസ് പരമ്പരയില്‍ 2005ലെ ലോര്‍ഡസ് ടെസ്റ്റില്‍ ഓസീസിന്‍റെ ഗ്ലെന്‍ മക്‌ഗ്രാത്തും ഇംഗ്ലണ്ടിന്‍റെ സ്റ്റീവ് ഹാര്‍മിസണും ആദ്യദിനം അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക