ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ നിരയിൽ ഒരാൾ പോലും അർധശതകം കടന്നില്ലെങ്കിലും പൊരുതാവുന്ന സ്കോർ പടുത്തുയർത്തി.

ലണ്ടൻ: അണ്ടർ-19 ഏകദിന ക്രിക്കറ്റ് സീരീസിലെ രണ്ടാം മത്സരത്തിൽ ഇം​ഗ്ലണ്ടിന് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 291 റൺസ് വിജയലക്ഷ്യം വെറും 3 പന്ത് ശേഷിക്കെ ഇം​ഗ്ലണ്ട് മറികടന്നു. ക്യാപ്റ്റൻ തോമസ് റ്യൂവിന്റെ മിന്നുന്ന സെഞ്ച്വറിയാണ് (131) ഇം​ഗ്ലണ്ടിന് തുണയായത്. 89 പന്തിൽ 16 ഫോറും ആറ് സിക്സും സഹിതമായിരുന്നു തോമസിന്റെ ഇന്നിങ്സ്. 39 റൺസെടുത്ത റോക്കി ഫ്ലിന്റോഫ്, 29 റൺസെടുത്ത ബെൻ മയെസ്, 20 റൺസെടുത്ത സെബാസ്റ്റ്യൻ മോർ​ഗൻ എന്നിവരാണ് ഇം​ഗ്ലണ്ട് നിരയിൽ തിളങ്ങിയത്. ഇന്ത്യൻ നിരയിൽ അംബ്രിഷ് നാല് വിക്കറ്റ് വീഴ്ത്തിയെങ്കിലും 10 ഓവറിൽ 80 റൺസ് വഴങ്ങി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ നിരയിൽ ഒരാൾ പോലും അർധശതകം കടന്നില്ലെങ്കിലും പൊരുതാവുന്ന സ്കോർ പടുത്തുയർത്തി. തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ആയുഷ് മാത്രെയെ(0) നഷ്ടമായെങ്കിലും വൈഭവ് സൂര്യവൻഷി (45), വിഹാൻ മൽഹോത്ര (49), രാഹുൽ കുമാർ (47), കനിഷ്ക് ചൗഹാൻ (45), അഭി​ഗ്യാൻ (32) എന്നിവരുടെ ഇന്നിങ്സിന്റെ ബലത്തിൽ 49 ഓവറിൽ 290 റൺസെടുത്ത് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ അലക്സ് ഫ്രെഞ്ച്, മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സെബാസ്റ്റ്യൻ മോർ​ഗൻ, അലക്സ് ​ഗ്രീൻ എന്നിവരാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്.