ഹെഡിംഗ്‌ലി: ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് 359 റണ്‍സ് വിജയലക്ഷ്യം. ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് 246 റണ്‍സിന് ഓള്‍ ഔ‍ട്ടായി. 80 റണ്‍സെടുത്ത മാര്‍നസ് ലാബുഷാഗ്നെയാണ് ഓസീസിന്റെ ടോപ് സ്കോറര്‍.

മറുപടി ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 11 റണ്‍സെടുത്തിട്ടുണ്ട്. ആറ് റണ്‍സോടെ ജേസണ്‍ റോയിയും അഞ്ച് റണ്‍സുമായി റോറി ബേണ്‍സും ക്രീസില്‍.

മാത്യു വെയ്ഡ്(33), ട്രാവിസ് ഹെഡ്(25), ജെയിംസ് പാറ്റിന്‍സണ്‍(20), ഉസ്മാന്‍ ഖവാജ(23) എന്നിവരാണ് ഓസീസിന്റെ മറ്റ് പ്രധാന സ്കോറര്‍മാര്‍. ഇംഗ്ലണ്ടിനായി ബെന്‍സ്റ്റോക്സ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജോഫ്ര ആര്‍ച്ചറും സ്റ്റുവര്‍ട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അഞ്ച് മത്സര പരമ്പരയില്‍ 1-0ന് ലീഡെടുത്ത ഓസീസ് ഈ ടെസ്റ്റില്‍ ജയിച്ചാല്‍ ആഷസ് നിലനിര്‍ത്തും.