എഡ്ജ്ബാസ്റ്റണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 90 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഓസ്ട്രേലിയ മൂന്നാം ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍  രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തിട്ടുണ്ട്. 46 റണ്‍സുമായി സ്റ്റീവ് സ്മിത്തും 21 റണ്‍സുമായി ട്രാവിസ് ഹെഡ്ഡുമാണ് ക്രീസില്‍. ഏഴ് വിക്കറ്റ് ശേഷിക്കെ ഓസീസിനിപ്പോള്‍ 34 റണ്‍സിന്റെ ആകെ ലീഡുണ്ട്. നാലാം ദിനം 200 റണ്‍സിന് മുകളില്‍ ലീഡ് ഉറപ്പാക്കാനായാല്‍ ഓസീസിന് മത്സരത്തില്‍ വിജയ സാധ്യതയുണ്ട്. സ്കോര്‍ ഓസ്ട്രേലിയ 284, 124//3, ഇംഗ്ലണ്ട് 374.

മൂന്നാം ദിനം തുടക്കത്തിലെ ബെന്‍ സ്റ്റോക്സിനെ(50) നഷ്ടമായതോടെ കൂറ്റന്‍ ലീഡെന്ന ഇംഗ്ലീഷ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയേറ്റിരുന്നു. റോറി ബേണ്‍സ്(133), മോയിന്‍ അലി(0), ജോണി ബെയര്‍സ്റ്റോ(8) എന്നിവര്‍ കൂടി വേഗത്തില്‍ മടങ്ങിയതോടെ ഇംഗ്ലണ്ട് 300/8 ലേക്ക് കൂപ്പുകുത്തി. എന്നാല്‍ വാലറ്റത്ത് ക്രിസ് വോക്സും(37 നോട്ടൗട്ട്), സ്റ്റുവര്‍ട്ട് ബ്രോഡും(29) നടത്തിയ പോരാട്ടം ഇംഗ്ലണ്ടിന് ഭേദപ്പെട്ട ലീഡ് സമ്മാനിച്ചു.

രണ്ടാം ഇന്നിംഗ്സിലും ഓസീസിന് മികച്ച തുടക്കം നല്‍കാന്‍ വാര്‍ണര്‍ക്കും ബാന്‍ക്രോഫ്റ്റിനുമായില്ല. ഏഴ് റണ്‍സെടുത്ത് ബാന്‍ക്രോഫ്റ്റും എട്ട് റണ്‍സെടുത്ത് വാര്‍ണറും മടങ്ങിയെങ്കിലും ഖവാജയെ(40) കൂട്ടുപിടിച്ച് സ്മിത്ത് പോരാട്ടം തുടങ്ങി. ഖവാജയെ സ്റ്റോക്സ് വീഴ്ത്തിയശേഷം ക്രീസിലെത്തിയ ട്രാവിഡ് ഹെഡ്ഡ് സ്മിത്തിന് മികച്ച പിന്തുണ നല്‍കിയതോടെ ഓസീസ് കൂടുതല്‍ നഷ്ടമില്ലാതെ മൂന്നാം ദിനം അവസാനിപ്പിച്ചു.