വിരാട് കോലിയും രോഹിത് ശര്‍മ്മയും വിരമിച്ച ശേഷം ടീം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിന് ഇംഗ്ലണ്ടിലെ ഹെഡിംഗ്‌ലിയില്‍ തുടക്കം, ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് ശുഭ്‌മാന്‍ ഗില്‍
ലീഡ്‌സ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഗില്‍ യുഗത്തിന് തുടക്കം. ഹെഡിംഗ്‌ലിയില്‍ ഇംഗ്ലണ്ടിനെതിരായ ടീം ഇന്ത്യയുടെ ആദ്യ ടെസ്റ്റിന് ടോസ് വീണു. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് ബൗളിംഗ് തെരഞ്ഞെടുത്തു. ടെസ്റ്റില്‍ ടീം ഇന്ത്യയെ ശുഭ്‌മാന്‍ ഗില്‍ ആദ്യമായി നയിക്കുന്ന മത്സരമാണിത്. സായ് സുദര്‍ശന്‍ ടീം ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നതാണ് ഹെഡിംഗ്‌ലി ടെസ്റ്റിന്‍റെ മറ്റൊരു ആകര്‍ഷണം. മലയാളി ബാറ്റര്‍ കരുണ്‍ നായര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലുണ്ട്. നാല് പേസ് ഓപ്ഷനും ഒരു സ്‌പിന്നറുമാണ് ഇന്ത്യക്ക് ബൗളിംഗ് നിരയിലുള്ളത്.
പ്ലേയിംഗ് ഇലവനുകള്‍
ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, കെ എല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ശുഭ്‌മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), കരുണ്‍ നായര്‍, രവീന്ദ്ര ജഡേജ, ഷര്‍ദ്ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്‌ണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്: സാക്ക് ക്രോലി, ബെന്‍ ഡക്കെറ്റ്, ഓലീ പോപ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജാമീ സ്‌മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ബ്രൈഡന്‍ കാര്‍സ്, ജോഷ് ടങ്, ഷൊയ്‌ബ് ബഷീര്‍.
വിരാട് കോലിയും രോഹിത് ശര്‍മ്മയും വിരമിച്ച ശേഷം ടീം ഇന്ത്യ കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരമാണ് ഹെഡിംഗ്‌ലിയിലേത്. നിലവിലെ ഇന്ത്യന്‍ ടീമിൽ 100 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ആരുമില്ല. 50 ടെസ്റ്റിനു മുകളിൽ കളിച്ചത് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ബാറ്റര്‍ കെ എൽ രാഹുലും മാത്രം. ഇംഗ്ലണ്ടിലെ പേസും സ്വിംഗുമുള്ള പിച്ചുകളിൽ ഇംഗ്ലീഷ് ബൗളർമാരെ അതിജീവിക്കുകയാണ് ഇന്ത്യൻ ബാറ്റർമാരുടെ ഏറ്റവും വലിയ വെല്ലുവിളി. ആദ്യ മത്സരം നടക്കുന്ന ഹെഡിംഗ്‍ലി ഇന്ത്യക്കെന്നും തലവേദനയാണ്. ഇതിന് മുൻപ് 2002-ലാണ് ടീം ഇന്ത്യ ഹെഡിംഗ്‍ലിയില്‍ ഒരു ടെസ്റ്റ് മത്സരം ജയിച്ചത്.
ബെൻ സ്റ്റോക്സ് നയിക്കുന്ന ഇംഗ്ലണ്ട് നിരയിൽ ജോ റൂട്ടിനെയും ഹാരി ബ്രൂക്കിനെയും പിടിച്ചുകെട്ടുകയാണ് ബുമ്രയുടെ ആദ്യ കടമ്പ. സീനിയർ ഓൾറൗണ്ടർ ക്രിസ് വോക്സ് തിരിച്ചെത്തിയതും ഇംഗ്ലണ്ട് ടീമിന് കരുത്തേകുന്നു. ബ്രണ്ടൻ മക്കല്ലം കോച്ചായി എത്തിയതോടെ ടെസ്റ്റ് മത്സരങ്ങളിൽ വ്യക്തമായ ആധിപത്യം ഇംഗ്ലണ്ടിനുണ്ട്. കളിച്ച 35 ടെസ്റ്റുകളിൽ തോറ്റത് എട്ടിൽ മാത്രം. ബോർഡർ-ഗവാസ്കർ ട്രോഫിയിലും ന്യൂസിലൻഡ് പരമ്പരയിലും കനത്ത തിരിച്ചടി നേരിട്ട ഇന്ത്യൻ ടീം പരിശീലകൻ ഗൗതം ഗംഭീറിനും ഇംഗ്ലീഷ് ടെസ്റ്റ് പരമ്പര നിർണായകമാണ്.



