Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിനെതിരെ ഓവലിലും ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച, മൂന്ന് വിക്കറ്റ് നഷ്ടം

ജെയിംസ് ആന്‍ഡേഴ്സണെയും ഓലി റോബ്ന‍സണെയും ആത്മവിശ്വാസത്തോടെ നേരിട്ടാണ് ഇന്ത്യന്‍ ഓപ്പണര്‍മാരായ കെ എല്‍ രാഹുലും രോഹിത് ശര്‍മയും തുടങ്ങിയത്. അപകടകാരിയായ ആന്‍ഡേഴ്സണെ ആക്രമിച്ച് കളിച്ച ഇരുവരും ആന്‍ഡേഴ്സന്‍റെ നാലോവറില്‍ 20 റണ്‍സടിച്ചു.

England vs India, 4th Test - Live updates, India loss 3 wickets before lunch
Author
london, First Published Sep 2, 2021, 5:44 PM IST

ഓവല്‍: ഇംഗ്ലണ്ടിനെതിാരയ ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് ലഞ്ചിന് മുമ്പ് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയിലാണ്. 18 റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോലിയും രണ്ട് റണ്‍സുമായി രവീന്ദ്ര ജഡേജയും ക്രീസില്‍.

നല്ല തുടക്കം പിന്നെ തകര്‍ച്ച

ജെയിംസ് ആന്‍ഡേഴ്സണെയും ഓലി റോബിന്‍സണെയും ആത്മവിശ്വാസത്തോടെ നേരിട്ടാണ് ഇന്ത്യന്‍ ഓപ്പണര്‍മാരായ കെ എല്‍ രാഹുലും രോഹിത് ശര്‍മയും തുടങ്ങിയത്. അപകടകാരിയായ ആന്‍ഡേഴ്സണെ ആക്രമിച്ച് കളിച്ച ഇരുവരും ആന്‍ഡേഴ്സന്‍റെ നാലോവറില്‍ 20 റണ്‍സടിച്ചു. ഏഴോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സിലെത്തിയ ഇന്ത്യ മികച്ച തുടക്കമിടുമെന്ന് കരുതിയെങ്കിലും ആദ്യ ബൗളിംഗ് മാറ്റമായി എത്തിയ ക്രിസ് വോക്സ് രോഹിത് ശര്‍മയെ(11) ജോണി ബെയര്‍സ്റ്റോയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യയുടെ തകര്‍ച്ച തുടങ്ങി. പൂജാര ക്രീസിലെത്തിയതിന് പിന്നാലെ ഇംഗ്ലണ്ട് തുടര്‍ച്ചയായി ആറ് മെയ്ഡ് ഇന്‍ ഓവറുകളെറിഞ്ഞു പിടിമുറുക്കി.

17 റണ്‍സെടുത്ത് മികച്ച തുടക്കമിട്ട രാഹുലിനെ ഒലി റോബിന്‍സണ്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഇന്ത്യ ഞെട്ടി. രോഹിത് ശര്‍മ പുറത്തായശേഷം ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പായിരുന്നു ഇന്ത്യക്ക് രാഹുലിനെയും നഷ്ടമായത്.

നിരാശപ്പെടുത്തി വീണ്ടും പൂജാര

ലീഡ്സ് ടെസ്റ്റില്‍ 91 റണ്‍സടിച്ച് ഫോമിലേക്ക് മടങ്ങിയെത്തിയതിന്‍റെ സൂചന നല്‍കിയ ചേതേശ്വര്‍ പൂജാര വീണ്ടും ബാറ്റിംഗില്‍ നിരാശപ്പെടുത്തി. 31 പന്തില്‍ നാലു റണ്‍സെടുത്ത പൂജാര ജെയിംസ് ആന്‍ഡേഴ്സന്‍റെ ഔട്ട് സ്വിംഗറില്‍ ബാറ്റുവെച്ച് വിക്കറ്റ് കീപ്പര്‍ക്ക് പിടികൊടുത്ത് മടങ്ങി. അപ്പോള്‍ ഇന്ത്യന്‍ ടോട്ടല്‍ 39 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു.

കോലിയും ജഡേജയും ചേര്‍ന്ന് ഇന്ത്യയെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ആദ്യ സെഷനില്‍ 50 കടത്തി. അഞ്ചാം നമ്പറില്‍ അജിങ്ക്യാ രഹാനെക്ക് പകരം രവീന്ദ്ര ജഡേജയാണ് ഇറങ്ങിയത്.

Follow Us:
Download App:
  • android
  • ios