Asianet News MalayalamAsianet News Malayalam

പന്താട്ടത്തില്‍ പകച്ച് ഇംഗ്ലണ്ട്, എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ അവിശ്വസനീയ തിരിച്ചുവരവ്

111 പന്തില്‍ 146 റണ്‍സടിച്ച റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 89 പന്തിലാണ് പന്ത് തന്‍റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. 19 ഫോറും നാല് സിക്സും അടങ്ങുന്നതാണ് പന്തിന്‍റെ ഇന്നിംഗ്സ്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നും മാത്യു പോട്ട് രണ്ടും വിക്കറ്റെടുത്തു. ആറാം വിക്കറ്റില്‍ പന്ത്-ജഡേജ സഖ്യം 222 റണ്‍സെടുത്തു. ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഉയര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണിത്.

England vs India: Rishabh Pants stunning century,Ravindra Jadejas fifty rescue India in  Edgbaston Test
Author
Edgbaston, First Published Jul 1, 2022, 11:40 PM IST

എഡ്ജ്ബാസ്റ്റണ്‍: ജെയിംസ് ആന്‍ഡേഴ്സണും മാത്യു പോട്ടും ചേര്‍ന്ന് എറിഞ്ഞൊതുക്കിയ ഇന്ത്യയെ റിഷഭ് പന്തും(Rishabh Pant) രവീന്ദ്ര ജഡേജയും(Ravindra Jadeja) ചേര്‍ന്ന് തല്ലിയോടിച്ചു. എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍(England vs India) 98-5ലേക്ക് കൂപ്പുകുത്തിയ ശേഷം റിഷഭ് പന്തിന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെന്ന നിലയിലാണ്. 83 റണ്‍സോടെ രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ മുഹമ്മദ് ഷമിയും ക്രീസില്‍.

111 പന്തില്‍ 146 റണ്‍സടിച്ച റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 89 പന്തിലാണ് പന്ത് തന്‍റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി തികച്ചത്. 19 ഫോറും നാല് സിക്സും അടങ്ങുന്നതാണ് പന്തിന്‍റെ ഇന്നിംഗ്സ്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നും മാത്യു പോട്ട് രണ്ടും വിക്കറ്റെടുത്തു. ആറാം വിക്കറ്റില്‍ പന്ത്-ജഡേജ സഖ്യം 222 റണ്‍സെടുത്തു. ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ഉയര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണിത്.

ആന്‍ഡേഴ്സണ് മുന്നില്‍ മുട്ടുമടക്കി

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യയെ ജെയിംസ് ആന്‍ഡേഴ്സണും മാത്യു പോട്ടും ചേര്‍ന്നാണ് എറിഞ്ഞൊതുക്കിയത്. സ്കോര്‍ ബോര്‍ഡില്‍ 27 റണ്‍സെത്തിയപ്പോഴേക്കും 17 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ ആന്‍ഡേഴ്സണ്‍ സ്ലിപ്പില്‍ സാക്ക് ക്രോളിയുടെ കൈകളിലെത്തിച്ചു. പിന്നെ പൂജാരയുടെ ഊഴമായിരുന്നു. കൗണ്ടിയില്‍ തിളങ്ങിയ പൂജാരയെ ആന്‍ഡേഴ്സന്‍റെ സ്വിംഗ് ചതിച്ചു. 13 റണ്‍സെടുത്ത പൂജാരയും ആന്‍ഡേഴ്സന്‍റെ പന്തില്‍ സാക്ക് ക്രോളിയുടെ കൈകളിലൊതുങ്ങി. മഴയെത്തിയതിനാല്‍ നേരത്തെ ല‍‍്ചിന് പിരിയുമ്പോള്‍ ഇന്ത്യ 53-2 എന്ന സ്കോറിലായിരുന്നു.

ലഞ്ചിനുശേഷം ഇന്ത്യക്ക് അധികം വൈകാതെ ഹനുമാ വിഹാരിയുടെ വിക്കറ്റ് നഷ്ടമായി. 53 പന്ത് നേരിട്ട് 20 റണ്‍സെടുത്ത വിഹാരിയെ മാത്യു പോട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി. വിരാട് കോലിയുടെ ഊഴമായിരുന്നു പിന്നീട്. പൂജാരയുടെ വിക്കറ്റ് നഷ്ടമായശേഷം നാലാമനായി ക്രീസിലെത്തിയ കോലി തുടക്കത്തില്‍ പിടിച്ചു നിന്നെങ്കിലും 19 പന്തില്‍ 11 റണ്‍സെടുത്ത് മടങ്ങി. മാത്യു പോട്ടിന്‍റെ പന്തില്‍ പ്ലേയ്ഡ് ഓണായി ബൗള്‍ഡായാണ് കോലി പുറത്തായത്. തുടക്കത്തില്‍ ആക്രമിച്ചു കളിച്ച ശ്രേയസ് അയ്യര്‍ പ്രതീക്ഷ നല്‍കി. 11 പന്തില്‍ മൂന്ന് ബൗണ്ടറിയടിച്ച് 15 റണ്‍സെടുത്ത ശ്രേയസിനെ പക്ഷെ ആന്‍ഡേഴ്സണ്‍ ബൗണ്‍സറില്‍ വിക്കറ്റ് കീപ്പര്‍ സാം ബില്ലിംഗ്സിന്‍റെ കൈകളിലെത്തിച്ചു.

ഉയര്‍ത്തെഴുന്നേല്‍പ്പ്

England vs India: Rishabh Pants stunning century,Ravindra Jadejas fifty rescue India in  Edgbaston Test

മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ തകര്‍ത്തെറിഞ്ഞ ഇംഗ്ലീഷ് പേസര്‍മാരെ കടന്നാക്രമിച്ചായിരുന്നു പന്തും ജഡേജയും തുടങ്ങിയത്. മഴക്കാര്‍ മാറി വെയില്‍ പരന്നതോടെ ബാറ്റിംഗ് അനായാസമായി. അവസരം മുതലെടുത്ത ഇരുവരും ഇംഗ്ലീഷ് പേസര്‍മാര്‍ക്കെതിരെ ഏകദിനശൈലിയില്‍ ബാറ്റുവീശി. 51 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പന്ത് കടന്നാക്രമണവുമായി മുന്നോട്ടുപോയപ്പോല്‍ നങ്കൂരമിട്ട് ജഡേജ മികച്ച പിന്തുണ നല്‍കി. 89 പന്തില്‍ പന്ത് തന്‍റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറി പൂര്‍ത്തിയാക്കി. സെഞ്ചുറിക്ക് ശേഷം കൂടുതല്‍ അപകടകാരിയായ പന്ത് ഇംഗ്ലീഷ് സ്പിന്നര്‍ ജാക്ക് ലീച്ചിനെ നിലംതൊടാതെ പറത്തി. 9 ഓവര്‍ എറിഞ്ഞ ലീച്ച് വഴങ്ങിയത് 71 റണ്‍സാണ്. ജെയിംസ് ആന്‍ഡേഴ്സണെതിരെ റിവേഴ്സ് സ്വീപ്പ് നടത്താനും പന്ത് തയാറായി. ഇതിനിടെ 109 പന്തില്‍ ജഡേജ അര്‍ധസെഞ്ചുറിയിലെത്തി.

ജോ റൂട്ടിനെ സിക്സിന് പറത്തി 146 റണ്‍സിലെത്തിയ പന്ത് തൊട്ടടുത്ത പന്തിലും സിക്സിന് ശ്രമിച്ചെങ്കിലും എഡ്ജ് ചെയ്ത് സ്ലിപ്പില്‍ ക്യാച്ച് നല്‍കി മടങ്ങി. 111 പന്തില്‍ 146 റണ്‍സടിച്ചാണ് പന്ത് മടങ്ങിയത്. 98 റണ്‍സില്‍ ഒത്തുചേര്‍ന്ന പന്ത്-ജഡേജ സഖ്യം 320 റണ്‍സിലാണ് വേര്‍പിരിഞ്ഞത്. പന്ത് മടങ്ങിയതിന് പിന്നാലെ ഷര്‍ദ്ദുല്‍ ഠാക്കൂറിനെ(1) സ്റ്റോക്സ് ബൗണ്‍സറില്‍ മടക്കി. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നും മാത്യു പോട്ട് രണ്ടും സ്റ്റോക്സ്, റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.

നേരത്തെ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്സ്(Ben Stokes) ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ വർഷം നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് വ്യാപനത്തെ തുടർന്ന് പുനക്രമീകരിച്ചതാണ് എഡ്‍ജ്ബാസ്റ്റണില്‍ ഇന്നുമുതല്‍ നടക്കുന്ന മത്സരം. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്.

Follow Us:
Download App:
  • android
  • ios